വീട്ടമ്മ വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
1516456
Friday, February 21, 2025 11:47 PM IST
കായംകുളം: വീട്ടമ്മയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം. ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ 20ന് പുലർച്ചെ നാലിന് കൃഷ്ണപുരം പുള്ളിക്കണക്ക് പത്മവിലാസം വീടിന്റെ അടുക്കളയുടെ റൂഫിൽ ഇരുമ്പ് കൊളുത്തിൽ കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയം വീട്ടിൽ രാജേശ്വരിയമ്മയെ (48) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (58) പോലീസ് അറസ്റ്റ് ചെയ്തത്.
ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്രീവത്സൻപിള്ള ഭാര്യയായ രാജേശ്വരി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതകളെ ത്തുടർന്ന് ഇരുവർക്കും ആത്മഹത്യ ചെയ്യാമെന്നും രാജേശ്വരി അമ്മ മരിച്ചതിനുശേഷം ശ്രീവത്സൻപിള്ള മരിക്കാമെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടർന്ന് ശ്രീവത്സൻപിള്ള ഇരുവരും വാടകയ്ക്കു താമസിക്കുന്ന പുള്ളിക്കണക്ക് പത്മവിലാസം വീട്ടിലെ അടുക്കളയുടെ റൂഫിൽ ഇരുമ്പ് കൊളുത്തിൽ ഏണി ഉപയോഗിച്ച് കയറി സാരിയുടെ ഒരറ്റം കെട്ടിയും മറു അറ്റത്ത് കുരുക്കിട്ടശേഷം തറയിൽ സ്റ്റൂൾ വച്ച് രാജേശ്വരി അമ്മയെ കയറ്റി നിർത്തി. ശേഷം സാരിയുടെ മറു അറ്റത്തെ കുരുക്ക് രാജേശ്വരി അമ്മയുടെ കഴുത്തിലിട്ട് സാരിയുടെ കുരുക്കു മുറുകി രാജേശ്വരി അമ്മ മരണപ്പെടുകയുമായിരുന്നു.
സംഭവത്തിനുശേഷം സ്കൂട്ടറിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ വെട്ടിക്കോട് ഷാപ്പിൽനിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് എക്സ്പെർട്ട് എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷായുടെ നേതൃത്വത്തിൽ എസ്ഐ സുരേഷ്, എസ്ഐ വിനോദ്, എഎസ്ഐ ജയലക്ഷ്മി, പോലീസ് ഉദ്യോഗസ്ഥരായ രെജി, സജീവ് കുമാർ, ലിമു മാത്യു, റെജിൻ, അരുൺ, ദിവ്യ, അതുല്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതും അന്വേഷണം നടത്തിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.