അനിശ്ചിതത്വം നീങ്ങി; മുക്കം വാലയില്‍ ബണ്ട് നിര്‍മാണം തുടങ്ങി
1516448
Friday, February 21, 2025 11:47 PM IST
മാന്നാര്‍: മുക്കം വാലയില്‍ ബണ്ട് നിര്‍മാണം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങിയതോടെ പ്രവൃത്തികള്‍ പുനരാരംഭിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി വിനിയോഗിച്ച് നടപ്പാക്കി വന്ന പദ്ധതിയില്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ള പഴയ സംരക്ഷണഭിത്തി നിലനിര്‍ത്തി ഉയരം 50 സെന്റീ മീറ്റര്‍ മാത്രം കല്ലുകെട്ടി മണ്ണിട്ടുയര്‍ത്തി.
മൂന്നു മീറ്റർ വീതിയില്‍ ബണ്ട് നിര്‍മിക്കുന്നതിനും ആവശ്യമായ ബോക്സ് കള്‍വെര്‍ട്ടുകള്‍, എട്ട് ട്രാക്ടര്‍ റാമ്പുകള്‍, പെട്ടിച്ചാല്‍ ഭിത്തി ഉയര്‍ത്തുന്ന പ്രവൃത്തി, സ്ലുയിസ് നിര്‍മാണം, മോട്ടോര്‍ ഷെഡ് നിര്‍മാണം, സന്യാസി പാടത്ത് തൂമ്പ് പൈപ്പ് സ്ഥാപിക്കല്‍ എന്നിവയാണ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിരുന്നത്.
എന്നാല്‍, പ്രവൃത്തി നിര്‍വഹണ സമയത്ത് പഴയ സംരക്ഷണ ഭിത്തി പൂര്‍ണമായും ബലക്ഷയമുള്ളതായി ബോധ്യപ്പെട്ടതിന്റെ യും പാടശേഖരസമിതികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ചും പഴയ ഭിത്തി പൂര്‍ണമായും പൊളിച്ചുമാറ്റി ബേസ്മെന്റ് കോണ്‍ക്രീറ്റ് ചെയ്തു മുകളില്‍ പുതിയ കരിങ്കല്‍ ഭിത്തി രണ്ടു മീറ്ററില്‍ അധികം ഉയരത്തില്‍ നിര്‍മിക്കുകയാണ് ചെയ്തത്.
ഇങ്ങനെ എസ്റ്റിമേറ്റില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനു ചെറിയ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പ്രവൃത്തി താത്കാലികമായി നിര്‍ത്തിയത്.
മന്ത്രി സജി ചെറിയാന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞദിവസം സംസ്ഥാന കൃഷിവകുപ്പ് എൻ ജിനിയറിംഗ് വിഭാഗം നേരിട്ട് നിര്‍മാണപ്രവൃത്തികള്‍ പരിശോധിക്കുകയും പ്രവൃത്തികളുടെ ഗുണനിലവാരം, എസ്റ്റിമേറ്റ് ഭേദഗതി ചെയ്യേണ്ടിവന്ന ആവശ്യകത എന്നിവ കര്‍ഷക സമിതി പ്രതിനിധികള്‍, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിലയിരുത്തി ബോധ്യപ്പെടുകയും ചെയ്തതിന്റെയും അടിസ്ഥാനത്തില്‍ കൃഷിമന്ത്രി പി. പ്രസാദിന്റെയും മന്ത്രി സജി ചെറിയാന്റെയും നേതൃത്വത്തില്‍ കൃഷി വകുപ്പ് ഡയറക്ടര്‍, കൃഷിവകുപ്പ് എന്‍ജിനിയറിംഗ് വിഭാഗം, പാട ശേഖരസമിതി പ്രതിനിധികള്‍, കരാറുകാരന് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിനു തീരുമാനമായത്.
നിലവില്‍ പൂര്‍ത്തീകരിച്ച 1515 മീറ്റർ സംരക്ഷണഭിത്തിയും അനുബന്ധ പ്രവൃത്തികള്‍ക്കും ആവശ്യമായ എസ്റ്റിമേറ്റ് ഭേദഗതി അംഗീകരിക്കുയും അവശേഷിക്കുന്ന മാന്നാര്‍ വാലയില്‍ വരെ ഉള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് രണ്ടാം ഘട്ടമായി അംഗീകരിക്കുന്നതിനും നിലവില്‍ ചെയ്തു വരുന്ന പ്രവൃത്തിയുടെ മണ്ണ് ഫില്ലിഗ് ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും അടുത്തദിവസം തന്നെ തുടങ്ങുന്നതിനും ആറുമാസത്തിനകം പൂര്‍ത്തീകരിക്കുന്നതിനും അംഗീകാരത്തിനു വിധേയമായി രണ്ടാംഘട്ട പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
ക്വാറി മണ്ണ് സ്റ്റോക്ക് ചെയ്യുന്നതും കോണ്‍ക്രീറ്റിംഗ് പ്രവൃത്തികളുമാണ് ഇപ്പോള്‍ ആരംഭിച്ചത്.
ചെങ്ങന്നൂര്‍ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൃദ്ധി പദ്ധതിയുടെ ഭാഗമായി 1550ല്‍ അധികം ഏക്കര്‍ പാടത്ത് രണ്ടു വിളവ് കൊയ്യാന്‍ പറ്റുന്ന തരത്തില്‍ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കുമെന്നും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്കി വികസനത്തിനു തടസം സൃഷ്ടിക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങളെ നാട്ടുകാര്‍ തന്നെ ചെറുത്തു തോല്‍പ്പിക്കുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.