ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വീട്ടുടമയ്ക്കു പൊള്ളലേറ്റു
1516107
Friday, February 21, 2025 12:00 AM IST
എടത്വ: ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് സമീപവാസിയുടെ പുരയിടത്തില്‍ മുറിച്ചിട്ട തടിക്കും മരച്ചില്ലയ്ക്കും തീ പിടിച്ചു. തീ അണയ്ക്കുന്നതിനിടെ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. എടത്വ വെട്ടുതോട് പാലത്തിന് വടക്ക് മാര്‍ത്തോമാ ഓള്‍ഡേജ് ഹോമിനു സമീപം വെട്ടുതോട്ടുങ്കല്‍ പുരയിടത്തില്‍ മുറിച്ചിട്ട തടിക്കും മരച്ചില്ലയ്ക്കുമാണ് തീ പിടിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സമീപവാസിയുടെ വീട്ടിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്നാണ് വെട്ടുതോട്ടുങ്കല്‍ പുരയിടത്തില്‍ തീ പിടിച്ചത്.
പടര്‍ന്നു പിടിക്കുന്ന തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുടമയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു. ഇയാളെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പൊള്ളല്‍ ഗുരുതരമല്ല. തകഴിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.