ചെങ്ങന്നൂര്‍ ഭദ്രാസന ഫെസ്റ്റ് 26ന്
1515785
Wednesday, February 19, 2025 11:26 PM IST
ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെയും ഭദ്രാസന വികസന പ്രവര്‍ത്തനങ്ങളുടെയും ധനശേഖരണാര്‍ഥം നടത്തുന്ന ഭദ്രാസന ഫെസ്റ്റ് 26ന് രാവിലെ മുതല്‍ വൈകിട്ട് ഏഴുവരെ ബഥേല്‍ അരമന അങ്കണത്തില്‍ നടക്കും.
വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാസഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍, മന്ത്രി സജി ചെറിയാന്, കൊടിക്കുന്നില്‍ സുരേഷ് എംപി, സഭാ വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭാ വര്‍ഗീസ്, പന്തളം നഗരസഭ ചെയര്മാന് അച്ചന്‍കുഞ്ഞ് ജോണ്‍ എന്നിവര്‍ പങ്കെടുക്കും.
രുചികരമായ ഭക്ഷ്യവിഭവങ്ങള്‍, വിപണന സ്റ്റാളുകള്‍, പുസ്തകങ്ങള്‍, വിനോദ ഗെയ്മുകള്, ഔഷധസസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഫെസ്റ്റില്‍ ഉണ്ടാകും.
സിനിമാനടന് ജഗദീഷ്, വരവേഗ വിസ്മയം ഡോ. ജിതേഷ്ജിയുടെ വരയരങ്ങ്, മഴവില്‍ മനോരമ കോമഡി സ്റ്റാര്‍സ് എവിനും കെവിനും കണ്മണി ശശിയുടെ വരയും സംഗീതവും കൈരളി ടി. വി ഗന്ധര്‍വസംഗീതം ഫ്ളവേഴ്സ് ടിവി ദേവഗീതം ഫെയിം അരുണ്‍ സഖറിയ, ചെങ്ങന്നൂര്‍ സൈബര്‍ സെല്‍ എസ്ഐ സാലി ബഷീര്‍ അവതരിപ്പിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ്, ഫ്ള വേഴ്സ് ടോപ്പ് ദേവനാരായണന്റെ സംഗീത പരിപാടി, ക്രിസം മെലഡിഡ് ബാൻഡ്, മിഴി ഫോക് ബാൻഡ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കും.
ലില്ലി ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, യുവജന പ്രസ്ഥാനം കേന്ദ്ര കലാമത്സര ജേതാക്കളുടെ കലാപ്രകടനങ്ങള്‍ എന്നിവയും ഫെസ്റ്റില്‍ അവതരിപ്പിക്കും. ചെങ്ങന്നൂര്‍ ഭദ്രസനത്തിലെ 51 പള്ളികളില്‍ ചേര്‍ന്നാണ് ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.