സംസ്ഥാനതല പരമ്പരാഗത വിത്തുത്സവം നാളെ കഞ്ഞിക്കുഴിയില്‍ ആരംഭിക്കും
1516106
Friday, February 21, 2025 12:00 AM IST
ആലപ്പുഴ: പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചരണവും ഉപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 22, 23, 24 തീയതികളില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തില്‍ സംസ്ഥാനതല പരമ്പരാഗത വിത്തുത്സവം നടക്കും. ഇതോടനുബന്ധിച്ച് പരമ്പരാഗത വിത്തിനങ്ങളുടെ പ്രദര്‍ശനവും വിപണനവും പരമ്പരാഗത വിത്ത് സംരക്ഷിക്കുന്ന കര്‍ഷകരുടെ അനുഭവം പങ്കുവയ് ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
22ന് രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് പരമ്പരാഗത വിത്തുത്സവ പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും. പതിനാലു ജില്ലകളില്‍നിന്നായി അന്‍പതിനടുത്ത് സ്റ്റാളുകള്‍ പ്രദര്ശനത്തിനായുണ്ടാകും. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് അധ്യക്ഷനായിരിക്കും. മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
24ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
സമാപന ദിവസമായ 24ന് രാവിലെ 10 മുതല്‍ കുട്ടികര്‍ഷക സംഗമം ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് നാലിന് സാംസ്കാരിക സദസും കലാകാരന്മാര്ക്ക് ആദരവും നടക്കും. സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വയലാര്‍ ശരത്ചന്ദ്രവര്‍മ, ചേര്‍ത്തല ജയന്, രാജീവ് ആലുങ്കല്‍, അനൂപ് ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.