ഭാര്യയുടെ മരണം: ഭർത്താവിനെ കോടതിയിൽ ഹാജരാക്കി
1515593
Wednesday, February 19, 2025 5:47 AM IST
ചേർത്തല: ചേർത്തലയിൽ ഭാര്യയുടെ മരണത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് സോണിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. ഇന്നലെ രാവിലെയാണ് സോണിയുടെ ചേർത്തല നഗരസഭ 29-ാം വാർഡ് പണ്ടകശാലാപ്പറമ്പ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കേസ് അന്വേഷിക്കുന്ന ചേർത്തല സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനു കൊണ്ടുപോയത്.
സോണി ഭാര്യ സജിയെ അക്രമിച്ച സംഭവം പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗോവയിൽ നിന്നെത്തിയ സോണി ഭാര്യ സജിയുമായുണ്ടായ വാക്കേറ്റവും തുടർന്ന് സജി മുറിയിലേക്ക് കയറിയപ്പോൾ പിടിച്ചു വലിച്ചു. സജിയുടെ തല ഭിത്തിയിൽ ഇടിച്ചതോടെ താഴെവീണു. ഛർദിച്ചുവെന്നും സോണി പറഞ്ഞു. സജിയുടെ തല ഭിത്തിയിൽ ഇടിച്ച സ്ഥലവും താഴെ വീണ സ്ഥലവും പോലീസിന് കാണിച്ചുകൊടുത്തു. തുടർന്ന് മകൾ മീഷ്മയുമായി ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയെന്നും പോലീസിനു മൊഴി നൽകി.
അമ്മയുടെ മരണത്തിൽ പരാതി ഉന്നയിച്ച മകൾ മീഷ്മയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ ശരിവയ്ക്കുന്നതായിരുന്നു സോണിയുടെ മൊഴിയും. തെളിവെടുപ്പിനു ശേഷം ഇന്നലെ വൈകിട്ട് നാലിന് ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
അമ്മയുടെ മരണം അച്ഛന്റെ അക്രമത്തെത്തുടർന്നാണെന്ന് മകളായ മീഷ്മ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സോണിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിയത്. ജനുവരി എട്ടിനാണ് തലയ്ക്കു പരുക്കേറ്റ് സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
വീട്ടിലെ കോണിപ്പടിയിൽ നിന്നു വീണ് പരിക്കേറ്റതായാണ് സോണിയും മകൾ മീഷ്മയും ആശുപത്രിയിൽ പറഞ്ഞത്. ഒരുമാസത്തെ ചികിത്സയ്ക്കൊടുവിൽ ഒമ്പതിനാണ് സജി മരിച്ചത്.