ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കല്‍ പരിശീലനം സംഘടിപ്പിച്ചു
1516452
Friday, February 21, 2025 11:47 PM IST
ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്കായി (ബിഎംസി) ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (പിബിആര്‍) രണ്ടാം ഭാഗം തയാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാതല ജൈവവൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് (കെഎസ്ബിബി) ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍ അധ്യക്ഷനായി. കെഎസ്ബിബി മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പിബിആര്‍ രണ്ടാം ഭാഗം തയാറാക്കല്‍ രീതിശാസ്ത്രം, വിവരശേഖരണം, വിവരശേഖരണ ഫോറങ്ങള്‍ എന്നിവയാണ് രണ്ട് സെക്ഷനുകളിലായി നടത്തിയ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്.
കെഎസ്ഇബി ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍, കെഎസ്ഇബി മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്, കെഎസ്ബിബി പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ. സി. എസ്. വിമല്‍കുമാര്‍, കെ.എസ്.ബി.ബി. സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ. ബി. ബൈജുലാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 60 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിഎംസി പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ റോബിന് തോമസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിത്യാ ടിവി, കെഎസ്ബിബി ജില്ലാ കോ-ഓർഡിനേറ്റര്‍ ശ്രുതി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബിഎംസി കണ്‍വീനര്‍മാര്‍, ബിഎംസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.