ചമ്പക്കുളത്ത് കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ
1516447
Friday, February 21, 2025 11:47 PM IST
മങ്കൊമ്പ്: ചമ്പക്കുളത്ത് നാട്ടുകാർ കാട്ടുപന്നിയെ കണ്ടതായുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവം. ഇന്നലെ വൈകുന്നേരം ചമ്പക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ അമേരിക്കൻ ജംഗ്ഷനു സമീപത്താണ് പ്രദേശവാസികളിൽ ചിലർ കാട്ടുപന്നിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്.
ഇവിടെ ആറുപറ തോട്ടിൽ നീന്തിനടക്കുന്ന ജീവിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. പന്നിയെകണ്ട് സ്ത്രീകളടക്കമുള്ള നാട്ടുകാർ ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ, നാട്ടുകാരുടെ കണ്ണുവെട്ടിച്ചു പന്നിയെന്നു സംശയിക്കുന്ന ജീവി കടന്നുകളഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ പലയിടത്തും പന്നിയെ കണ്ടതായി പലരും പറഞ്ഞിരുന്നു.
എന്നാൽ, ദൃശ്യങ്ങൾ ഇപ്പോൾ മാത്രമാണ് പകർത്താൻ കഴിഞ്ഞത്. ഒരുമാസമായി പന്നിയുടെ സാന്നിധ്യം പറഞ്ഞു കേൾക്കുന്നെങ്കിലും ഇത് എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയതായി കേട്ടിട്ടില്ല. ഏതാനു നാളുകൾക്കു മുൻപ് വെളിയനാട് പ്രദേശത്തും സമാനമായ രീതിയിൽ നാട്ടുകാരിൽ പലരും കാട്ടുപന്നിയെ കണ്ടതായി റിപ്പോർട്ടു ചെയ്തിരുന്നു. തെങ്ങിൻ തൈകളും കവുങ്ങളിൻ തൈകളും പലയിടത്തും ഇവ നശിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. നേരത്തെ കിടങ്ങറയിൽ എസി റോഡിൽ കാട്ടുപന്നിയെ വണ്ടികയറി ചത്ത നിലയിലും കണ്ടെത്തിയിരുന്നു.