പാലങ്ങളുടെ നിർമാണത്തിന് ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ അനുമതി
1516110
Friday, February 21, 2025 12:00 AM IST
കായംകുളം: മണ്ഡലത്തിലെ കനിസാകടവ്, കോയിക്കല്‍ പടിക്കല്‍, മാര്‍ക്കറ്റ് എന്നീ പാലങ്ങളുടെ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിന്റെ അനുമതി ലഭിച്ചതായി യു. പ്രതിഭ എംഎല്‍എ അറിയിച്ചു. 2019ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫീഡര്‍ കനാലുകള്‍ക്കു കുറുകെയുള്ള നിര്‍മിതികള്‍ക്ക് വേലിയേറ്റ നിരപ്പില്‍നിന്നും അഞ്ചു മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് വേണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
എന്നാല്‍, പുനര്‍നിര്‍മിക്കുന്ന പാലങ്ങള്‍ക്കും മൂന്നു മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സാണ് നിര്‍മാണ ചുമതലയുള്ള പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം വിഭാവനം ചെയ്തിട്ടുള്ളത്. പുനര്‍നിര്‍മിക്കുന്ന പാലങ്ങള്‍ക്ക് അഞ്ചു മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് നല്കിയാല് പാലങ്ങളുടെ ഉയരം കൂടുന്നതുമൂലം അപ്രോച്ച് റോഡുകളുടെ ഉയരവും വര്‍ധിക്കും. മാത്രമല്ല വശങ്ങളില് സ്ഥിതി ചെയ്യുന്ന വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും നേരിട്ട് പ്രവേശിക്കാന്‍ കഴിയാതെയും സര്‍വീസ് റോഡുകള്‍ക്ക് അധികമായി സ്ഥലം ഏറ്റെടുക്കേണ്ടതായും വരും. ഇത് നിലവിലെ ഭൂപ്രകൃതി അനുസരിച്ച് പ്രായോഗികമല്ല.
കരിപ്പുഴ തോടിനു കുറുകെയുള്ള പത്തിയൂര്‍, എരുവ, കാര്യാത്ത് പാലങ്ങള്‍ക്ക് നിലവില്‍ ജലനിരപ്പില്‍നിന്നു രണ്ടു മീറ്ററില്‍ താഴെ മാത്രമാണ് ഉയരമുള്ള ത്. ആയതിനാല്‍ നാടന്ബോട്ടുകള് മോട്ടോര്‍ ബോട്ടുകള്‍ എന്നിവയ്ക്ക് കരിപ്പുഴ കനാലിലൂടെ കടന്നുപോകാന്‍ സാധ്യമല്ല. അതുകൊണ്ട് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകളില്‍ ഇളവ് നല്‍കണമെന്ന് കാട്ടി പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗവും ഉള്‍നാടന്‍ ജലഗതാഗതവും കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനിയറും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കരിപ്പുഴ കനാലിന്റെ നീരൊഴുക്കിന് തടസം വരാത്തരീതിയിലും കനാലിന്റെ സ്വാഭാവിക വീതി നഷ്ടപ്പെടാത്ത രീതിയിലും മൂന്നു മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് നല്കി പാലങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കാമെന്ന് വെസ്റ്റ് കോസ്റ്റ് കനാല്‍ വികസന പദ്ധതിയുടെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള വാട്ടര്‍വേയ്സ് ആൻഡ് ഇന്‍ഫ്രാസ് ട്രക്ച്ചേഴ്സ് ചീഫ് എന്‍ജിനിയറും സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പ്രകാരം മൂന്നു പാലങ്ങളുടെയും നിര്‍മാണത്തിന് മൂന്നു മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് നല്കി നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്കി.
കനീസാകടവ് പാലം (11. 20 കോടി) മാര്‍ക്കറ്റ് പാലം (6.45 കോടി), കോയിക്കല്‍ പടിക്കല്‍ പാലം (4. 60 കോടി) രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ തടസങ്ങളും നീങ്ങിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.