ആക്രമണഭീതി പരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1515787
Wednesday, February 19, 2025 11:26 PM IST
ഹരിപ്പാട്: ആക്രമണ ഭീതിപരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് അധികൃതർ വെടിവച്ചുകൊന്നു. വീയപുരം പഞ്ചായത്ത് പരിധിയിലെ പായിപ്പാട് ജലോത്സവ പവലിയനുതെക്കുവശത്തുള്ള കോശിയുടെ പുരയിടത്തിൽ കണ്ടെത്തിയ കാട്ടുപന്നിയെയാണ് ഇന്നലെ രാവിലെ പത്തിന് വെടിവച്ചുകൊന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസിന്റെ നിർദേ ശത്തെത്തുടർന്ന് വനംവകുപ്പിന്റെ അംഗീകൃത കരാറുകാരനായ സുരേഷ് കുമാരൻ നായരാണ് വെടിവച്ചുകൊന്നത്. ഇന്നലെ പുലർച്ചെ പായിപ്പാട് കല്ലേലി പത്ത് കോളനി ഭാഗത്ത് പന്നിയെ കണ്ടെങ്കിലും ഓടിമറഞ്ഞിരുന്നു. നെൽവയലുകളിലൂടെ രക്ഷപെട്ടു പുരയിടത്തിൽ കയറുകയായിരുന്നു.
മൂന്നു ഭാഗം മതിലുകളും ഒരു ഭാഗം കുറ്റിക്കാടുമായി കിടന്നതിനാൽ പുരയിടത്തിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞില്ല. സ്ഥലത്ത് വൻജനാവലി തടിച്ചുകൂടിയതോടെ പോലീസും സ്ഥലത്തെത്തി. തുടർന്നാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. വെടിവച്ചു കൊന്ന പന്നിയെപഞ്ചായത്തംഗം എൻ. ലത്തീഫിന്റെ നേതൃത്വത്തിൽ മറവുചെയ്തു. എട്ടു മാസത്തോളം പ്രായം തോന്നിക്കുന്ന പന്നിക്ക് ഉദ്ദേശം 50 കിലോഗ്രാം തൂക്കം വരുമെന്നും കൂട്ടാമായി എത്തിയതാകാമെന്നും അവയിലൊന്ന് കൂട്ടം തെറ്റി വന്നതാകാമെന്നുമാണ് സുരേഷ് കുമാരൻ നായർ പറഞ്ഞത്.
കഴിഞ്ഞ ദിവസം മാന്നാറിൽ ബൈക്കിനു മുന്നിൽ ചാടിയ പന്നിയെ ഇടിച്ച് ബൈക്ക് യാത്രികനു പരിക്കേറ്റിരുന്നതായും സൂചനയുണ്ട്. ഏതാനും ദിവസം മുമ്പ് പള്ളിപ്പാട്ടും കുട്ടനാട്ടിലെ വെളിയനാട്ടും കാട്ടുപന്നിയെ കണ്ടെത്തിയിരുന്നു.