മന്ത്രവാദം: പണവും സ്വർണാഭരണങ്ങളും കവര്‍ന്ന് ഒളിവിൽപ്പോയ ദമ്പതികൾ പിടിയിൽ
1515594
Wednesday, February 19, 2025 5:47 AM IST
ചേര്‍ത്തല: ജോലിക്കായി മന്ത്രവാദം നടത്തി യുവതിയില്‍നിന്നു പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് ഒളിവില്‍ പോയ ദമ്പതികള്‍ 12 വര്‍ഷത്തിനുശേഷം പിടിയില്‍. ചേര്‍ത്തല കളവംകോടം സ്വദേശിനിയായ യുവതിയില്‍നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം ചെയ്ത കേസിലെ പ്രതികളായ കുത്തിയതോട് പഞ്ചായത്ത് 13-ാം വാര്‍ഡ് കരോട്ടുപറമ്പില്‍ സതീശന് (48), ഭാര്യ തൃശൂര്‍ മേലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അയ്യന്പറമ്പില് പ്രസീത (44) എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. 17ന് തൃപ്പൂണിത്തുറയില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കളവംകോടം സ്വദേശിനിയായ യുവതിയെ സമീപിച്ചശേഷം പെട്ടെന്ന് ജോലി കിട്ടുമെന്നും അതിലേക്കായി 32,500 രൂപ അടുക്കളയില്‍ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലില്‍ കെട്ടിവയ്ക്കണമെന്നും 15,000 രൂപ വിലവരുന്ന സ്വര്‍ണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളില്‍ സൂക്ഷിക്കണമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു.
അതനുസരിച്ച് പ്രതികള്‍ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളില്‍ പൊതിഞ്ഞ് പണവും സ്വര്‍ണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിക്കുകയും തുടര്‍ന്ന് രണ്ടുതവണകളായി ആറു ദിവസത്തോളം പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ച ശേഷം ദമ്പതികള്‍ തന്ത്രപൂര്‍വം സ്വര്‍ണവും പണവും കവര്‍ന്നെടുക്കുകയുമായിരുന്നു.
തട്ടിപ്പ് മനസിലാക്കിയ യുവതി ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീ സ് അന്വേഷണം നടത്തി സതീശനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഭാര്യ ഒളിവില്‍പ്പോയിരുന്നു. ഈ കേസിലെ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികള്‍ കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വിചാരണ നടപടികള്‍ തടസപ്പെട്ട കേസുകളിലെ പത്രികളെ കണ്ടെത്തുന്നതിനായി ചേര്‍ത്തല എഎസ്പി ഹരീഷ് ജെയിന്റെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചേര്‍ത്തല എസ്എച്ച്ഒ ജി. അരുണ്‍, എസ്ഐ സുരേഷ്, എഎസ്ഐ ബിജു കെ. തോമസ്, സീനിയര്‍ സിപിഒമാരായ ജോര്‍ജ് ജോസഫ്, ഉല്ലാസ്, സിപിഒ പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.