സ്വകാര്യബസിന്റെ ആക്സിൽ ഒടിഞ്ഞ് വൈദ്യുത തൂണിലിടിച്ചു; ദുരന്തം ഒഴിവായി
1516444
Friday, February 21, 2025 11:47 PM IST
ഹരിപ്പാട്: സ്വകാര്യബസിന്റെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് റോഡരികിലേക്കു ചരിഞ്ഞു വൻ ദുരന്തം ഒഴിവായി. ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യബസ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 8.30ന് തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതതുണിലിടിച്ചശേഷം റോഡിന്റെ സംരക്ഷണഭിത്തിയിൽ തട്ടി നിന്നത്.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞുവീണു. തൂൺ ഒടിഞ്ഞുവീണ ഉടൻ വൈദ്യുതി ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞുപോയത്. രാവിലത്തെ സമയതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിയുകയോ, വൈദ്യുത തൂണിൽ ഇടിച്ച സമയത്ത് കമ്പികൾ പൊട്ടി വൈദ്യുതി പ്രവഹിക്കുകയോ ചെയ്തിരുന്നെങ്കിൽ വൻ ദുരന്തമായി മാറുമായിരുന്നു.
ഇതുവഴി മണൽ വഹിച്ചു പോകുന്ന കൂറ്റൻ ടോറസ് ലോറികൾ നിരന്തരം ഓടിയാണ് പ്രദേശത്തെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുന്നത്.
അനധികൃത മണൽ ഖനനം നിർത്തുവാനോ, തകർന്ന റോഡ് നന്നാക്കുവാനോ അധികൃതർ തയാറാകാത്തതു മൂലമാണ് ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി. ഇനിയും അധികൃതർ അലംഭാവം തുടർന്നാൽ വൻ ദുരന്തത്തെ ക്ഷണിച്ചു വരുത്തുകയാവും ഫലമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.