എടത്വ: ​വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശുകി​ട​ന്ന പു​ഞ്ച​നി​ല​ത്തി​ല്‍ നൂ​റു​മേ​നി വി​ള​വെ​ടു​ത്ത് നെ​ല്‍ക​ര്‍​ഷ​ക​ര്‍. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ ത​ല​വ​ടി വാ​ട​യ്ക്ക​കം പാ​ട​ശേ​ഖ​ര​ത്താ​ണ് വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. 22 ഏ​ക്ക​ര്‍ വി​സ്തൃതി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​നാ​യ ബി​ജു ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മീ​പ പാ​ട​ശേ​ഖ​ര ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ​രി​ശ്ര​മ​ത്തി​ലാ​ണ് പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പി​ല്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കൃ​ഷി ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥമൂ​ലം വി​ള​വെ​ടു​പ്പ് ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ക്കു​റി ഒ​രുകൂ​ട്ടം ആ​ളു​ക​ളു​ടെ നി​സ്വാ​ര്‍​ഥ സേ​വ​ന​വും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി വ​ന്ന​തു​മാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ​ത്. വി​ള​വു കു​റ​വു​ള്ള മ​നു​ര​ത്‌​നം വി​ത്താ​ണ് ഇ​ക്കു​റി വി​ത​ച്ച​ത്. ഏ​റെ ശ്ര​മിച്ചാ​ണ് പാ​ട​ത്ത് വെ​ള്ളം ക​യ​റ്റാ​നായത്. എ​ന്നാ​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യം വ​ക​വയ്ക്കാ​തെ കൃ​ഷി​യെ മു​ന്‍​പോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ക​ര്‍​ഷ​ക​ർ തീ​രു​മാ​നി​ച്ച​തു വഴിയാണ് നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ച​ത്. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലെ ആ​ദ്യ​വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഇ​തോ​ടെ ആ​രം​ഭി​ച്ചു.

വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കൊ​ച്ചു​മോ​ള്‍ ഉ​ത്ത​മ​ന്‍, ബി​ന്ദു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, കൃ​ഷി അ​സി​. ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് റ​ഫി​ന്‍ ജെ​ഫ്രി, കൃ​ഷി ഓ​ഫീ​സ​ര്‍ പി.​എ​സ്. ഗാ​യ​ത്രി, അ​സി​. ദീ​പാ​മ​ണി, റോ​ഷ്ന, തൊ​ഴി​ലു​റ​പ്പ് എ​ന്‍​ജി​നി​യ​ര്‍ നി​ധീ​ഷ് കു​മാ​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.