ചെങ്ങന്നൂര്‍ ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക്
1516101
Friday, February 21, 2025 12:00 AM IST
ചെങ്ങന്നൂര്‍: വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചെങ്ങന്നൂര്‍ ബൈപാസിന് ഒടുവില്‍ തുടക്കമായി. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന ബൈപാസിനായി സ്ഥലം ഏറ്റെടുക്കാന്‍ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞമാസം 27നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അലൈന്മെന്റ് ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കായംകുളം കിഫ്ബി സ്പെഷല്‍ തഹസില്‍ദാര്‍ക്കാണ് (എല്‍എ) അപേക്ഷ നല്‍കേണ്ടത്. സ്ഥലമെടുക്കാനുള്ള സര്‍വേയും ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 200 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ബൈപാസ് നിര്‍മിക്കുന്നത്. ചെങ്ങന്നൂര്‍, പുലിയൂര് വില്ലേജുകളില്‍ 9.86 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനാണ് പ്രാഥമിക തീരുമാനം. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 65 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുക്കും. ചെങ്ങന്നൂര്‍, പുലിയൂര് വില്ലേജുകളിലെ ചില ബ്ലോക്ക് നമ്പറുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വീടുകള്‍ നഷ്ടപ്പെടാത്ത രീതിയിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപാസിന് 10.46 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം. നാല് ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. കല്ലിശേരി മുതല്‍ പുത്തന്‍കാവ് ക്ഷേത്രം വരെ ഒന്നാം ഘട്ടത്തില്‍ 3.75 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും.
പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം ആരംഭിച്ച് ചെങ്ങന്നൂര്‍ കോഴഞ്ചേരി റോഡില്‍ കെഎസ്ഇബി സബ്സ്റ്റേഷന് കടന്ന് നേതാജി റോഡിലൂടെ എംസി റോഡില്‍ ഐടിഐ ജംഗ്ഷനില്‍ 1.19 കിലോമീറ്ററാണ് രണ്ടാംഘട്ടം അവസാനിക്കും. 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാംഘട്ടം ഹാച്ചറി ജംഗ്ഷനില്‍ ആരംഭിച്ച് ചെങ്ങന്നൂര്‍ മാവേലിക്കര റോഡില്‍ പേരിശേരിയില് അവസാനിക്കും.
3.02 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലാം ഘട്ടം പേരിശേരി മഠത്തുംപടിയില്‍ ആരംഭിച്ച് മുണ്ടന്‍കാവ് ജംഗ്ഷനില്‍ അവസാനിക്കും.