‘നക്ഷ’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
1516449
Friday, February 21, 2025 11:47 PM IST
ഹരിപ്പാട്: നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്തുന്ന നക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് നഗരസഭാ കോൺഫറൻസ് ഹാളിൽ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു.
നാഷണൽ ജിയോ സ്പെഷൽ നോളജ് ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് നക്ഷ. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡണൈസേഷൻ പരിപാടി വഴിയാണ് നക്ഷ പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞപ്ലോട്ടുകൾ, പൊതുസ്വത്തുക്കൾ, റെയിൽവേ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാൻഡ് റോഡ്, ഇടവഴികൾ, തോടുകൾ, ശ്മശാനം, പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ, യുജിഡി ലൈൻ, ടെലഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളുടെ വസ്തുക്കൾ ഉൾപ്പെടെയുള്ളവ സർവേ വകുപ്പിന്റെയും റവന്യുവകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തിയാണ് ഭൂരേഖകൾ തയാറാക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ.കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ സുബി പ്രജിത്ത്, എഡിഎം ആശ.സി. ഏബ്രഹാം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വിനു ആർ. നാഥ്, എസ്. കൃഷ്ണകുമാർ, നിർമല കുമാരി, എസ്.മിനി, എസ്. നാഗദാസ്, നഗരസഭാംഗം പി.എസ്. നോബിൾ, ചെങ്ങന്നൂർ റീസർവേ അസി. ഡയറക്ടർ എസ്. അൻസാദ്, റീസർവേ സൂപ്രണ്ട് ബിനു മാത്യു പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.