തൈക്കാട്ടുശേരി -തുറവൂർ പാലം വഴി എന്ന് ബസ് സർവിസ് തുടങ്ങും?
1515595
Wednesday, February 19, 2025 5:47 AM IST
പൂച്ചാക്കൽ: തൈക്കാട്ടുശേരി-തുറവൂർ പാലം വഴി ബസ് സർവിസ് തുടങ്ങണം എന്ന ആവശ്യം ശക്തമാകുന്നു. കൈതപ്പുഴ കായലിനു കുറുകെയുള്ള തുറവുർ- പമ്പ പാതയുടെ ഭാഗമായി നിർമിച്ച ആദ്യപാലമണ് തൈക്കാട്ടുശേരി-തുറവൂർ പാലം.
നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനു തുറന്നുകൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവഴിയുള്ള ബസ് സർവിസ് ഇനിയും തുടങ്ങിയിട്ടില്ല. ബസ് സർവിസ് ആരംഭിക്കുന്നതിന് നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവർ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിയിട്ടും യാതൊരു നടപടിയുമില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസിലും നിവേദനമെത്തി. എന്നിട്ടും ഫലമുണ്ടായില്ല.
എളുപ്പമാർഗം
പള്ളിപ്പുറം, തൈക്കാട്ടുശേ രി, പാണാവള്ളി എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ദേശീയപാതയിലേക്കും തീരദേശത്തേക്കും എത്താൻ ഏറ്റവും എളുപ്പമാർഗം തൈക്കാട്ടുശേരി പാലം വഴിയാണ്. ഏഴു വർഷം തൈക്കാട്ടുശേ രി-തുറവൂർ പാലം മുൻപാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ബസ് സർവീസ് ആരംഭിച്ചാൽ മാത്രമേ ജനങ്ങൾക്ക് ഉപകാരപ്പെടുന്നുള്ളു. തുറവൂർ, ചന്തിരൂർ ചെമ്മീൻ സംസ്കരണ മേഖലകളിൽ തൊഴിലിനായി നിരവധി സ്ത്രീകളാണ് ഇതുവഴി പോകുന്നത്.
ചെല്ലാനം, അന്ധകാരനഴി തുടങ്ങിയ ഹാർബറുകളിൽനിന്ന് മത്സ്യമെടുത്ത് വില്പന നടത്തുന്നവരും എറണാകുളം മേഖലയിൽ ജോലി ചെയ്യുന്നവരും ദിനംപ്രതി വലിയ തുകയാണ് ചെലവാക്കേണ്ടി വരുന്നത്.
യാത്രാക്ലേശം
പലരും സംഘം ചേർന്ന് ഓട്ടോറിക്ഷ പിടിച്ചാണ് പോകുന്നത്. ബസ് സർവീസ് തുടങ്ങിയാൽ ഇവർക്ക് ആശ്വാസമാകും. നിലവിൽ ചേർത്തലയിൽനിന്ന് തൈക്കാട്ടുശേരി കവല വരെ ബസ് സർവിസുണ്ട്. ഇത് തുറവൂർ റെയിൽവേ സ്റ്റേഷനിലേക്ക് നീട്ടിയാൽ യാത്രാക്ലേശത്തിനു പരിഹാരമാകും.
അരുക്കുറ്റിയിൽനിന്ന് പൂച്ചാക്കൽ- തുറവൂർ വഴി ചേർത്തലയിലേക്കും ചേർത്തലയിൽ നിന്ന് തൈക്കാട്ടുശേരി-തുറവൂർ വഴി തോപ്പുംപടിയിലേക്കും വൈറ്റില ഹബ്ബിലേക്കും പുതിയ ബസർ വിസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.