തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ചെറിയനാട്: നിരവധി പേരെ കടിച്ചു
1515784
Wednesday, February 19, 2025 11:26 PM IST
ചെങ്ങന്നൂര്‍: ജില്ലയില്‍ കഴിഞ്ഞദിവസം വീണ്ടും തെരുവുനായുടെ ആക്രമണം. ചെങ്ങന്നൂര്‍ ചെറിയനാട് നെടുവരംകോട്ട് സ്കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ നിരവധിര്േക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ചെറിയനാട് നെടുവരംകോട് വൈശാലിയില്‍ പ്രീത (46), ജയരംഗത്തില് ഋഷികേഷ് എസ്. ബാല്‍ (11), നീരാജ്ഞനത്തില് ശ്രീരംഗനാഥ് (75), കള്ളോട്ട് കുറ്റിയില്‍ പത്മ രംഗനാഥ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രീതയുടെ മോളെ ട്യൂഷന് കൊണ്ടു വിടാനായി പോയപ്പോഴാണ് വീടിനു സമീപത്ത് നായ ആക്രമിച്ചത്. നായുടെ ആക്രമണത്തില്‍ താഴെവീണ ഇവര്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു കടിയേറ്റു. കുഞ്ഞിന്റെയും പ്രീതയുടേയും നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പ്രീതയെ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. ഋഷികേശ് ബാലന് സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴി വീടിനു സമീപത്താണ് നായ ആക്രമിക്കുന്നത്. ഋഷികേശിന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എഴുപത്തിയഞ്ചു വയസുള്ള ശ്രീരംഗനാഥ് പ്രഭാത സവാരിക്കായി റോഡിലെത്തിയപ്പോണ് നായ ആക്രമിക്കുന്നത്. അപ്രതീക്ഷിത ആക്രമണത്തില്‍ താഴവീണ ശ്രീരംഗനാഥിന്റെ മുഖത്താണ് കടിയേറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്ന് ആലപ്പുഴ ജില്ലയിലാണ്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ തെരുവുനായുടെ ആക്രമണത്തില്‍ മൂന്നു പേർ മരിക്കുകയും നിരവധി പേര്‍ക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നെടുവരംകോട് രണ്ടാലുംമൂട് അംഗന്‍വാടി ഭാഗം മുതതല്‍ കനാല്‍ ഭാഗം വരെയുള്ള റോഡില്‍ നായുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. അലഞ്ഞുതിരഞ്ഞ് നടക്കുന്ന നായ്ക്കളെ വന്ധികരിക്കുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതാണ് ഇവയുടെ എണ്ണം പെരുകാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടു. ചില സ്വകാര്യ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് അസുഖം വന്നാല്‍ തെരുവില്‍ ഉപേക്ഷിക്കുന്ന രീതികൂടിവരുകയാണെന്ന് നാട്ടുകാർ പറയുന്നു.
തെരുവുനായ്ക്കളെ വന്ധീകരിക്കുകയും മതിയായ ഷെല്‍ട്ടര്‍ സംവിധാനം അടിയന്തരമായി ഏര്‍പ്പടുത്തണമെന്നും നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്ക്കെതിരേ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.