എങ്ങുമെത്താതെ നദി ആഴംകൂട്ടൽ പദ്ധതി; വെള്ളപ്പൊക്ക പ്രതിരോധം പ്രഖ്യാപനത്തിൽ മാത്രം
1516451
Friday, February 21, 2025 11:47 PM IST
ഹരിപ്പാട് : നദികളിലെ ആഴം കൂട്ടൽ പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുന്നതായി ആക്ഷേപം. പ്രധാന നദികളായ അച്ചൻകോവിൽ, പമ്പാനദികളിൽ മണൽത്തിട്ടകൾ രൂപപ്പെടുന്നതും നദികളിൽ മണലും ചെളിയും എക്കലും അടിഞ്ഞുകൂടുന്നതും മൂലം കിഴക്കൻവെള്ളത്തെ യും മഴവെള്ളത്തെയും ഉൾക്കൊള്ളാൻ കഴിയാതെ നദികളും കൈവഴികളും കരകവിഞ്ഞ് ഒഴുകിയാണ് കൃഷിനാശം സംഭവിക്കുന്നതും ജനജീവിതം ദുഃസഹമാക്കുന്നതും.
അച്ചൻകോവിലിനിന്നു ഉത്ഭവിച്ച് വീയപുരത്ത് തുരുത്തേൽ കടവിൽ പമ്പയാറിൽ സംഗമിക്കുന്ന അച്ചൻകോവിലാറും പമ്പയാറും അതിന്റെ കൈവഴികളുമാണ് ജലത്തെ ഉൾക്കൊള്ളാനാകാതെ ശക്തമായ വെള്ളപ്പൊക്കമായി മാറുന്നത്. കാർഷിക മേഖലയുടെ സംരക്ഷണത്തിനും വെള്ളപ്പൊക്ക പ്രതിരോധത്തിനും ഏകമാർഗം ജലാശയങ്ങൾ ആഴം കൂട്ടി ഒഴുകിയെത്തുന്ന വെള്ളം കരകവിയാതെ കടലിലേക്ക് ഒഴുക്കി വിടുക എന്നതാണ്.
പ്രതിരോധമാകും
എന്നാൽ, നദി ആഴം കൂട്ടലെന്ന പേരിൽ ചെറുതന പഞ്ചായത്തിലെ പാണ്ടി പുത്തനാറിൽ ജെറ്റ് ഉപയോഗിച്ച് സിലിക്കയുടെ അളവുകൂടുതൽ കണ്ടെത്തിയ വെളുത്ത മണൽ ഡ്രജ്ജ് ചെയ്ത് എടുക്കുന്നതല്ലാതെ മറ്റൊരു പദ്ധതിയും നടക്കുന്നില്ല.
പമ്പയും അച്ചൻകോവിലാറും സംഗമിക്കുന്ന വീയപുരം തുരുത്തേൽ കടവ് മുതൽ തോട്ടപ്പള്ളി സ്പിൽവേ പൊഴി വരെയുള്ള ഭാഗമാണ് അടിയന്തരമായി ആഴം കൂട്ടേണ്ടത്. നദികൾ കടന്നുപോകുന്ന വീയപുരം, ചെറുതന, കരുവറ്റാ പഞ്ചായത്തുകൾക്ക് നദികളിൽനിന്നു നിശ്ചിത അളവിൽ മണലെടുക്കാൻ അനുമതി നൽകിയാൽ വെള്ളപ്പൊക്കത്തിന് ഒരളവ് വരെ പ്രതിരോധമാകും. ഇത് പ്രാവർത്തികമായാൽ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ നെൽകൃഷി ഉൾപ്പെടെ കാർഷിക മേഖലയ്ക്ക് ശക്തമായ സംരക്ഷണമാണ് ലഭിക്കുന്നത്.
ജൂൺ, ജൂലൈ മാസത്തോടെ മഴയും വെള്ളപ്പൊക്കവുമൊക്കെ എത്താൻ സാധ്യതയുണ്ടെ ന്നിരിക്കെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചെന്നാണ് പൊതുവേയുള്ള അഭിപ്രായം.
തകർന്നടിയും
മാർച്ച്, ഏപ്രിൽ അവസാനത്തോടെ നെൽകൃഷി വിളവെടുപ്പും അവസാനിക്കുമെന്നിരിക്കെ ഏറെ പ്രതിസന്ധിയിലാകുന്നത് കരകൃഷി കർഷകരാണ്. അടുത്ത ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയിരിക്കുന്ന നേന്ത്രവാഴ, റോബസ്റ്റ്, മരച്ചീനി പച്ചക്കറികൾ ഉൾപ്പെടെയുള്ള കരകൃഷികൾ നദികൾ കരകവിയുന്നതോടെ തകർന്നടിയും.
2023 മുതലുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് വിതരണം ചെയ്തിട്ടില്ല. വീണ്ടുമൊരു ആഘാതം കർഷകർ മുന്നിൽ കാണുന്നുണ്ട്. നദി ആഴം കൂട്ടി നദിയിൽ നിന്നെടുക്കുന്ന മണലും ചെളിയും നദിയുടെ ഇരുകകളിലെയും മൺചിറകൾ ബലപ്പെടുത്തുന്നതിന് ഉപയോഗിക്കുകയും ചെയ്താൽ കുത്തൊഴുക്ക് പതിച്ച് തകർച്ച നേരിടുന്ന ബണ്ടുകൾക്ക് സംരക്ഷണം ലഭിക്കുകയും കൃഷിനാശം സംഭവിക്കാതിരിക്കയും ചെയ്യും. വെള്ളപ്പൊക്ക പ്രതിരോധത്തിന് നദി ആഴം കൂട്ടൽ പദ്ധതി അടിയന്തരമായി പ്രാവർത്തികമാക്കണമെന്നും ആവശ്യം ശക്തമാകുന്നു.