ഉത്സവദിനത്തിൽ വധശ്രമം: രണ്ടു പ്രതികൾ അറസ്റ്റിൽ
1515592
Wednesday, February 19, 2025 5:47 AM IST
കായംകുളം: വധശ്രമക്കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ ഒന്നും രണ്ടും പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തിയൂർ കിഴക്ക് കുറ്റിക്കുളങ്ങര കനാലിന് കിഴക്കുവശം കൊച്ചുപടീറ്റതിൽ രാഹുൽ (23), പത്തിയൂർ കിഴക്ക് കുറ്റിക്കുളങ്ങര അമ്പലത്തിന് തെക്ക് കൊച്ചുപറമ്പിൽ ബൈജു (രാജേഷ്-42) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 14ന് രാത്രി ഉത്സവം കണ്ട് മടങ്ങിയ പത്തിയൂർ സ്വദേശികളായ സുജിത്, ബിനു എന്നിവരെ കാക്കനാട് ജംഗ്ഷന് തെക്കുവശം കമ്പിവടി, ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അടിച്ച് താഴെയിട്ടശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും അന്നേദിവസം വൈകിട്ട് എരുവ അമ്പലത്തിന്റെ തെക്കേ നടയിൽ നിന്ന എരുവ സ്വദേശി വിജയനെ കമ്പിവടി ഉപയോഗിച്ച് അടിച്ചും ഇടിവള ഉപയോഗിച്ച് മുഖത്ത് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും ഒന്നും രണ്ടും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
സംഭവശേഷം ഒളിവിൽപ്പോയ ഇവരെ എറണാകുളം കാക്കനാട് നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്. തെക്കേ നടയിൽ വിജയനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയായ എരുവ കിഴക്ക് മുറിയിൽ കന്നേൽ വീട്ടിൽ നിഥി(36)നെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, പ്രൊബേഷൻ എസ്ഐ ശരത്, പോലീസുദ്യോഗസ്ഥരായ വിഷ്ണു, അഖിൽ മുരളി, അരുൺ, ഗോപകുമാർ, ഷാനവാസ്, പ്രദീപ്, ഷിബു, രെജി, സോനുജിത്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.