വാട്സാപ് സ്റ്റാറ്റസിട്ട വീട്ടമ്മയ്ക്ക് ഭീഷണി സന്ദേശം
1515777
Wednesday, February 19, 2025 11:26 PM IST
അമ്പലപ്പുഴ: വാട്സാപ് സ്റ്റാറ്റസിട്ട വീട്ടമ്മയ്ക്ക് ഫോൺവഴി ഭീഷണി സന്ദേശം. പോലീസിൽ പരാതി നൽകി വീട്ടമ്മ. തോട്ടപ്പള്ളി അമരയുടെ തോപ്പിൽ സുലേഖയ്ക്കാണ് 9400657491 എന്ന നമ്പറിൽനിന്ന് തുടർച്ചയായി രാത്രിയും പകലും ഭീഷണി സന്ദേശമെത്തിയത്.
പാലക്കാട് തൃത്താലയിൽ പള്ളി ഉറൂസിൽ നടന്ന ആന എഴുന്നള്ളിപ്പിൽ ഹമാസ് ഭീകരവാദികളുടെ ചിത്രം പ്രദർശിപ്പിച്ചതിന്റെ ചിത്രം സുലേഖ വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റിയിരുന്നു. ഇതേ ത്തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞതോടെയാണ് വീഡിയോ ക്കോൾ ആയും വോയ്സ് മെസേജായും ഭീഷണി സന്ദേശമെത്തിയത്. ഇവരുടെ വീടിനു സമീപത്തുള്ള ഒരാൾ വഴിയാണ് ഈ സ്റ്റാറ്റസ് പ്രചരിച്ചതെന്നും സംശയമുണ്ട്.
തുടർച്ചയായ ഭീഷണി വന്നതോടെയാണ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയതെന്ന് സുലേഖ പറയുന്നു. പിന്നീട് ഈ നമ്പരിൽ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് പാലക്കാട് പട്ടാമ്പി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
പരാതി ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി സ്വദേശിയോടും സുലേഖയുടെ അയൽവാസിയോടും വെള്ളിയാഴ്ച സ്റ്റേഷനിലെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.