കുരുതിക്കളമായി ദേശീയപാത; കണ്ണുതുറക്കാതെ അധികൃതർ
1515780
Wednesday, February 19, 2025 11:26 PM IST
തുറവൂർ: അരൂർ -തുറവൂർ ദേശീയപാത കുരുതിക്കളമായി മാറിയിട്ടും കണ്ണുതുറക്കാതെ അധികൃതർ. അരൂർ -തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഇതിനോടകം 40ലധികം ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ ഇതു കണ്ടില്ലെന്നു നടിക്കുന്നത് ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ഇന്നലെയും ഒരു ബൈക്ക് യാത്രികനായ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ചതോടെയാണ് ജനരോഷം ശക്തമായത്. ഓരോദിവസവും ഒന്നിലധികം ജീവനുകളാണ് ഇവിടെ പിടഞ്ഞുവീണ് ഇല്ലാതാകുന്നത്. നാട്ടുകാർ സമരങ്ങളും മറ്റും നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.
ഉയരപ്പത നിർമാണകമ്പനിയായ അശോകാ കൺസ്ട്രക്ഷൻ മനുഷ്യജീവന് ഒരു വിലയും കല്പിക്കാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കുഴിയിൽ വീണ്
തോന്നിയപടി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതാണ് കൂടുതലും അപകടത്തിനു കാരണം. കൂടാതെ റോഡുകൾ തകർന്നു തരിപ്പണമായി ഇരിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്നലെ ഉയരപ്പത നിർമാണ കമ്പനിയുടെ വാഹനം ഇടിച്ചാണ് ഒരു യുവാവ് മരിച്ചത്.
കഴിഞ്ഞദിവസവും ഇത്തരത്തിൽ വാഹനത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. മേഖലയിലുണ്ടായ അപകടങ്ങളിൽ വാഹനങ്ങളുടെ അടിയിൽപ്പെട്ടാണ് ഒട്ടുമിക്ക ജീവനുകളും നഷ്ടമായിരിക്കുന്നത്. അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളും തകർന്ന് തരിപ്പണമായ ദേശീയപാതയുമാണ് അപകടം വർധിക്കാൻ കാരണം.
തുറവൂർ മുതൽ അരൂർ വരെ മുൻപുണ്ടായിരുന്ന ദേശീയപാത മുഴുവൻ കുഴികൾ നിറഞ്ഞിരിക്കുകയാണ്. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട് ഇരുചക്രയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
മനുഷ്യജീവന്
വിലയില്ല
അപകടത്തിൽപ്പെട്ടവരുടെ നിരവധി കുടുംബങ്ങൾ അനാഥമായിട്ടും ജില്ലാ ഭരണകൂടവും സംസ്ഥാന- കേന്ദ്ര സർക്കാരുകളും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടാവുന്നത്. ഹൈക്കോടതി ഇടപെട്ടിട്ടു പോലും നിർമാണ കമ്പനി യാതൊരുവിധ വിലയും മനുഷ്യജീവന് കൽപ്പിക്കാത്ത അവസ്ഥയാണ്.
കൂടാതെ നിരവധിതവണ ആലപ്പുഴ എംപിയും ഈ വിഷയത്തിൽ ഇടപെട്ടിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടാകാത്ത അവസ്ഥയാണ്. ജില്ലാഭരണകൂടം നിർമാണ കമ്പനിയുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രദേശത്തെ ചില സംഘടനകളും രാഷ്ട്രീയ പാർട്ടികളും മനുഷ്യക്കുരുതിക്കെതിരേ സമരവുമായി രംഗത്തെത്തിയെങ്കിലും നിർമാണ കമ്പനിയുടെ സ്വാധീനത്തിൽ തുടർ സമരങ്ങൾ ഒന്നുമില്ലാതെ അവസാനിക്കുകയാണ് ചെയ്തത്.
ഒരു ജീവൻ കൂടി ഈ ദേശീയപാതയിൽ നഷ്ടപ്പെടാൻ ഇടവരുത്താതെ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.