ജ്വല്ലറി ഉടമയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം
1515788
Wednesday, February 19, 2025 11:26 PM IST
ആലപ്പുഴ: മുഹമ്മയില്‍ മോഷണമുതല്‍ കണ്ടെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് മരിച്ച സംഭവത്തില്‍ കടുത്തുരുത്തി പോലീസിനെതിരേ ഗുരുതര ആരോപണവുമായി മകന് രംഗത്ത്. കഴിഞ്ഞ ഏഴാം തീയതിയാണ് മണ്ണഞ്ചേരി സ്വദേശിയായ രാധാകൃഷ്ണന് മരിക്കുന്നത്.
കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത ഷെല്‍വരാജ് എന്ന കള്ളന്റെ മോഷണമുതല്‍ വിറ്റത് രാധാകൃഷ്ണന്റെ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു. മോഷണ മുതല്‍ കണ്ടെത്താന്‍ എത്തിയപ്പോള്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്ന വിഷദ്രാവകം രാധാകൃഷ്ണന് കുടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രാധാകൃഷ്ണന്റെ മരണം പോലിസിന്റെ പീഡനത്തെത്തുടര്‍ന്നാണെന്ന് മകന് രതീഷ് പറയുന്നു. പോലീസ് സ്റ്റേഷനില്‍ വച്ചും ജ്വല്ലറിയില്‍ എത്തിച്ചപ്പോഴും പോലീസ് അച്ഛനെ മര്‍ദിച്ച് അവശനാക്കിയെന്നും മകന് പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്കി.
ആറാം തീയതി രാത്രിയോടെ പിതാവിനെ കടുത്തുരുത്തി പോലിസെത്തി കസ്റ്റഡിയിലെടുത്തെന്നും സ്റ്റേഷനില്‍ കാണുമ്പോള്‍ അച്ഛന്റെ മുഖത്ത് അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും നിലത്തിട്ട് ചവിട്ടി അവശനാക്കിയെന്നും മകന് രതീഷ് പറഞ്ഞു.
അതേസമയം, കള്ളനെ പിടിക്കാന്‍ സഹായിച്ചത് രാധകൃഷ്ണനാണെന്നും മര്‍ദനം ഉണ്ടായിട്ടില്ലെന്നുമാണ് കടുത്തുരുത്തി പോലിസിന്റെ വിശദീകരണം. ഏതായാലും രതീഷ് നല്കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.