ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയതിന്റെ അമ്പരപ്പിൽ വിദ്യാർഥികൾ
1515775
Wednesday, February 19, 2025 11:26 PM IST
അന്പലപ്പഴ: ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയതിന്റെ അമ്പരപ്പിൽ വിദ്യാർഥികൾ. കാക്കി ധരിച്ച ഒരുപാട് പോലീസുകാരെ നേരിൽക്കണ്ടിട്ടുണ്ടെങ്കിലും സിനിമകളിൽ മാത്രം കണ്ട ലോക്കപ്പും തോക്കുമെല്ലാം നേരിൽ കണ്ടപ്പോൾ വീണ്ടും അമ്പരപ്പായി.
പുന്നപ്ര ഗവ. ജെ.ബി സ്കൂളിലെ മൂന്നാം ക്ലാസിലെ 90 ഓളം വിദ്യാർഥികളാണ് പുന്നപ്ര പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയത്. സ്കൂളിന് മുന്നിൽത്തന്നെയാണ് പോലീസ് സ്റ്റേഷൻ. പോലീസുകാരെയും പോലീസ് സ്റ്റേഷനുമെല്ലാം ദിവസവും കാണുമെങ്കിലും സ്റ്റേഷന് അകത്തുകയറുന്നത് ഇതാദ്യം.
മൂന്നാം ക്ലാസിലെ ഇവിഎസ് വിഷയത്തിൽ പോലീസ് സ്റ്റേഷനെക്കുറിച്ച് പഠിക്കാനുണ്ട്. ഇതോടെയാണ് വിദ്യാർഥികളെ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം നേരിട്ട് ബോധ്യപ്പെടുത്താൻ അധ്യാപകരും പിടിഎയും തീരുമാനിച്ചത്.
സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കിൾ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ വിശദീകരിച്ചു. ഇതിനുശേഷമാണ് സ്റ്റേഷനുള്ളിലേക്ക് കയറിയത്. അകത്തുകയറിയപ്പോൾ ലോക്കപ്പും അതിനുള്ളിൽ പ്രതികളും. ഇത് കണ്ടതോടെ പലർക്കും അദ്ഭുതമായി. തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന പലതരം തോക്കുകളും ഇതിന്റെ പ്രവർത്തനവും സിഐ വിശദീകരിച്ചു.
അപ്പോൾ ചിലർക്ക് തോക്കിൽ വെടിയുണ്ട ഇടുന്നതും കാണണം. സിഐ ഇതും കാട്ടിക്കൊടുത്തു. സ്റ്റേഷൻ സന്ദർശനത്തിനെത്തിയ അതിഥികൾക്ക് മിഠായിയും സിഐയുടെ നേതൃത്വത്തിൽ നൽകി. ഒടുവിൽ എല്ലാവർക്കും ടാറ്റായും ഷേക്ക് ഹാൻഡും നൽകി മടങ്ങിയപ്പോൾ പോലീസിനെക്കുറിച്ചുള്ള പേടിയും മാറി.
പ്രഥമാധ്യാപിക മല്ലിക. കെ, അധ്യാപകൻ നിയാസ്, എസ് എംസി ചെയർമാൻ രതീഷ്. എസ്, മദർ പിടിഎ പ്രസിഡന്റ് മുനീറ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെ സ്റ്റേഷൻ സന്ദർശനത്തിനെത്തിച്ചത്.