മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ
1515586
Wednesday, February 19, 2025 5:47 AM IST
അന്പലപ്പുഴ: എക്സറേ വിഭാഗത്തിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിൽ. ദേശീയപാതയോരത്തു സ്ഥിതി ചെയ്യുന്ന ഏക മെഡിക്കൽ കോളജ് ആശുപത്രിയായ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഈ ദുരവസ്ഥ.
വാഹനാപകടത്തിൽപ്പെടുന്നവർ അടക്കം അടിയന്തര ചികിത്സ വേണ്ട നൂറുകണക്കിന് രോഗികളാണ് രാപകൽ ഭേദമില്ലാതെ വണ്ടാനത്തെത്തുന്നത്. ഇതിൽ ജില്ലയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവരും മറ്റ് ആശുപത്രികളിൽനിന്നു റഫർ ചെയ്യുന്നവരുമുണ്ട്.
ഒടിവും ചതവുമായി അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗിക്ക് എക്സറേ എടുത്തു കിട്ടണമെങ്കിൽ മണിക്കൂറുകളോളം ട്രോളിയിലും സ്ട്രെച്ചറിലും കിടക്കേണ്ട ഗതികേടാണ്. എക്സറെ ഫലം ലഭിക്കാതെ തുടർ ചികിത്സ വൈകുന്നതോടെ രോഗിയും അവശരാകും. ഇതിനെച്ചൊല്ലി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റം പലപ്പോഴും സംഘർഷത്തിലാണ് അവസാനിക്കാറ്.
ചില ജീവനക്കാരുടെ ദാർഷ്ട്യവും രോഗിയുടെ കൂടെയെത്തുന്നവരെ പ്രകോപിപ്പിക്കാറുണ്ട്. ഈ വിഭാഗത്തിൽ താത്കാലിക ജീവനക്കാരാണ് കൂടുതലായും ജോലി ചെയ്യുന്നത്. പെൻഷൻ പറ്റി പോയവർക്കു പകരം പിഎസ്സി ലിസ്റ്റിലൂടെയുള്ള സ്ഥിരം നിയമനം വൈകുന്നതാണ് എക്സറെ ടെക്നീഷ്യന്മാരുടെ അഭാവത്തിനു കാരണം.
അതേസമയം, സ്വകാര്യലാബുകാരും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് എക്സറേ വിഭാഗത്തിൽ രോഗികൾ നേരിടുന്ന ദുരിതത്തിനു കാരണമെന്നും ആക്ഷേപമുണ്ട്. ആശുപത്രിയിൽ 40 രൂപയാണ് എക്സറേ എടുക്കുന്നതിന് അടയ്ക്കേണ്ടിവരുന്നതെങ്കിൽ വെളിയിലുള്ള ലാബുകാർ 200 മുതൽ 300 രൂപ വരെ വാങ്ങാറുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രി എല്ലാവിധ സംവിധാനത്തോടുകൂടിയ സൂപ്പർ സ്പെഷാലിറ്റിയെന്ന് അധികാരികൾ കൊട്ടിഘോഷിക്കുമ്പോഴും വിദഗ്ദ ഡോക്ടർമാർ അടക്കം പല വിഭാഗത്തിലും ജീവനക്കാരുടെ കുറവ് പാവപ്പെട്ട രോഗികളുടെ ദുരിതം വർധിപ്പിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.