തരിശുനിലത്തില്‍ നൂറുമേനി; കൊയ്ത്തുത്സവം നാളെ
1515577
Wednesday, February 19, 2025 5:47 AM IST
എടത്വ: പതിറ്റാണ്ടുകളായി തരിശുകിടന്ന പുഞ്ചനിലത്തില്‍ ഇക്കുറി നൂറുമേനി വിളയിച്ച് കര്‍ഷകര്‍. നാലുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കൊയ്ത്തുത്സവം നാളെ നടക്കും. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ തലവടി വാടയ്ക്കകം പാടശേഖരത്താണ് ഇക്കുറി നൂറുമേനി വിളഞ്ഞത്.
22 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ കര്‍ഷകനായ ബിജു ഡേവിഡിന്റെ നേതൃത്വത്തില്‍ സമീപ പാടശേഖര കര്‍ഷകരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ സീസണില്‍ കൃഷി ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഒരുകൂട്ടം ആളുകളുടെ നിസ്വാര്‍ദ്ധ സേവനവും കാലാവസ്ഥ അനുകൂലമായി വന്നതുമാണ് വിളവെടുപ്പില്‍ എത്തിച്ചത്. വിളവുകാലം കുറവുള്ള മനുരത്ന വിത്താണ് വിതച്ചത്.
പാടത്ത് വെള്ളം കയറ്റാന്‍ ഏറെ ശ്രമം വേണ്ടിയിരുന്നു. എന്നാല്‍, പ്രതികൂല സാഹചര്യം വകവയ്ക്കാതെ കൃഷിയെ മുന്പോട്ടുകൊണ്ടുപോകാന് കര്ഷകന് തീരുമാനിച്ചതാണ് നൂറുമേനി വിളവില്‍ എത്തിച്ചത്. തരിശുനിലത്തെ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവ ഉദ്ഘാടനം തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ നിര്‍വഹിക്കും.
വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത് മുഖ്യപ്രഭാഷണം നടത്തും. കൃഷി ഓഫീസര്‍ പി.എസ്. ഗായത്രി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ദീപാമണി, റോഷ്ന എന്നിവര്‍ നേതൃത്വം നല്‍കും.