കളക്ടർ കൃഷ്ണതേജ വാക്കു പാലിച്ചു; അമൽജിത്തിനും അമ്മയ്ക്കും വീടായി
1515587
Wednesday, February 19, 2025 5:47 AM IST
അമ്പലപ്പുഴ: ഒടുവിൽ കുട്ടികളുടെ പ്രിയ ജില്ലാ കളക്ടർ വാക്കു പാലിച്ചു. അമൽജിത്തിനും അമ്മയ്ക്കും അന്തിയുറങ്ങാൻ ഇടമായി. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണതേജ മുൻ കൈയെടുത്താണ് വിദ്യാർഥിയായ അമൽജിത്തിന് വീട് നിർമിച്ചു നൽകിയത്.
കോവിഡ് കാലത്ത് അച്ഛനോ അമ്മയോ നഷ്ടപ്പെട്ട ആ റു വിദ്യാർഥികൾക്കാണ് അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണതേജ മുൻകൈയെടുത്ത് കാരുണ്യമതികളുടെ സഹായത്താൽ വീടുകൾ നിർമിക്കാൻ പദ്ധതിയിട്ടത്.
ഇതിലൊന്നായിരുന്നു പുറക്കാട് പഞ്ചായത്ത് പുത്തൻചിറ അമൽജിത്തിന് ലഭിച്ചത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അമൽജിത്തിന്റെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സന്തോഷ് കുമാർ കോവിഡ് ബാധിച്ച് മരണമടഞ്ഞതോടെ മാതാവ് ദീനാമ്മയുമായി ഏത് നിമിഷവും തകരുന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ഈ അമ്മയുടെയും മകന്റെയും ദയനീയ സ്ഥിതി ഇവിടെയെത്തി നേരിട്ടറിഞ്ഞ കൃഷ്ണ തേജ ഈ കുടുംബത്തിനും വീട് ലഭ്യമാക്കുകയായിരുന്നു. നിലവിൽ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന കൃഷ്ണ തേജ ഈ തിരക്കിനിടയിലും അമൽജിത്തിനും കുടുംബത്തിനും നിർമിച്ച വീടിൻന്റെ താക്കോൽ കൈമാറാനും പുറക്കാട്ടെത്തി.