കായംകുളത്ത് ആരോഗ്യകേന്ദ്രത്തിൽ നടന്ന പ്രാർഥനാച്ചടങ്ങ് വിവാദത്തിൽ
1515582
Wednesday, February 19, 2025 5:47 AM IST
കായംകുളം: ഐക്യജംഗ്ഷന് സമീപം അയ്യൻകോയിക്കൽ നഗറിൽ നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനു മുമ്പ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മതപരമായ പ്രാർഥനാ ചടങ്ങുകൾ നടത്തിയ സംഭവം വിവാദമായി.
ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭാ സെക്രട്ടറി സംഭവത്തിൽ പോലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവി കായംകുളം ഡിവൈഎസ്പിക്ക് നിർദേശം നൽകി.
കഴിഞ്ഞദിവസം വൈകിട്ട് മന്ത്രി സജി ചെറിയാനാണ് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉച്ചയ്ക്ക് 2.30ന് മുസ്ലിം ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകളും പ്രാർഥനയും നടത്തിയതാണ് വിവാദമായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ വിവാദവും ഒപ്പം പ്രതിഷേധവും ഉയരുകയായിരുന്നു.
ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ ഉച്ചഭക്ഷണത്തിനു പോയ സമയത്ത് അതിക്രമിച്ച് കയറിയാണ് ചടങ്ങുകൾ നടത്തിയതെന്ന് ജീവനക്കാർ ആരോപിച്ചു. നഗരസഭയുടെ അറിവോടെയല്ല ചടങ്ങ് നടത്തിയതെന്നും നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.
അതേസമയം വെൽനെസ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് മതപരമായ ചടങ്ങുകൾ നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വാർഡ് കൗൺസിലർ നവാസ് മുണ്ടകത്തിൽ പറഞ്ഞു.
സമീപത്ത് സ്വകാര്യ ചടങ്ങിന് എത്തിയ മതനേതാക്കൾ തിരിച്ചുപോകുമ്പോൾ ഹെൽത്ത് സെന്റർ സന്ദർശിച്ച് ചുരുങ്ങിയ സമയത്തിൽ പ്രാർഥന നടത്തി മടങ്ങുകയായിരുന്നുവെന്ന് നവാസ് പറഞ്ഞു.