കുടിവെള്ളം ദുരുപയോഗം; ചെങ്ങന്നൂരില്‍ കടുത്തക്ഷാമം
1515585
Wednesday, February 19, 2025 5:47 AM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി പരാതി. പൊതുടാപ്പുകളില്‍നിന്നും വീടുകളിലെ കണക്ഷന് പൈപ്പുകളില്‍നിന്നും ഹോസ് ഉപയോഗിച്ച് കിണറുകളിലേക്ക് വെള്ളം ഒഴുക്കിവിടുന്നതാണ് പ്രധാന പ്രശ്നം.
ഇതു കൂടാതെ വാഹനങ്ങള്‍ കഴുകുന്നതിനും കെട്ടിടനിര്‍മാണത്തിനും കുടിവെള്ളം വ്യാപകമായി ഉപയോഗിക്കുന്നു.
വേനല്‍ കടുക്കുന്നതിനു മുന്‍പേതന്നെ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ പാണ്ഡവന്‍പാറ, നൂറ്റവന്‍പാറ, പുലിക്കുന്ന് എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. സമീപ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
പലവീടുകളിലും ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്ന സ്വകാര്യവ്യക്തികള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നു. എന്നാല്‍, പൊതുടാപ്പുകളില്‍ നിന്ന് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി വാട്ടര്‍ അഥോറിറ്റി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമാക്കിയെന്നും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ചെങ്ങന്നൂരിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.