കാട്ടുപന്നി ആക്രമണത്തിൽ രണ്ടു പേർക്കു പരിക്ക്
1515590
Wednesday, February 19, 2025 5:47 AM IST
മാന്നാർ: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികരായ അച്ഛനും മകനും പരിക്കേറ്റു. കുട്ടമ്പേരൂർ കൃഷ്ണകൃപയിൽ രാജേഷ് (54), മകൻ അജയകൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷിന്റെ നട്ടെല്ലിന് പൊട്ടലുണ്ട്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
ചെങ്ങന്നൂർ ഗവ. ഐടിഐയിൽ പഠിക്കുന്ന മകൻ അജയകൃഷ്ണനെ ബസിൽ കയറ്റിവിടുന്നതിനായി സൈക്കിളിൽ കോട്ടയം സിറ്റി ഭാഗത്തുകൂടി പോകുമ്പോൾ അമിത വേഗതയിൽ റോഡിനു കുറുകെ ഓടിയ കാട്ടുപന്നി സൈക്കിളിൽ ഇടിക്കുകയായിരുന്നു. കാട്ടുപന്നി ഓടിപ്പോയി. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചു വീണു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. രാജേഷിന് ദേഹമാസകലം മുറിവും നട്ടെല്ലിന് പൊട്ടലുമുണ്ട്. അജയകൃഷ്ണന്‍ നിസാര പരിക്കുകളാണുള്ളത്.