ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തിന് 37 കോടി രൂപ
1515579
Wednesday, February 19, 2025 5:47 AM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തിന്റെയും സ്വിമ്മിംഗ് പൂളിന്റെയും നിര്‍മാണത്തിന് 37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി സജി ചെറിയാന് അറിയിച്ചു. 65% നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിന്റെ ബാക്കി നിര്‍മാണത്തിന് 32 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ചു.
സ്വിമ്മിംഗ് പൂളിനായി അഞ്ചു കോടി രൂപ 2025-26 ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. 2018-19ല്‍ 42 കോടി രൂപ അടങ്കലില്‍ കിഫ്ബി സഹായത്തോടെയാണ് സ്റ്റേഡിയം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, ചില കാരണങ്ങള്‍ കൊണ്ട് നിര്‍മാണം ഇടയ്ക്ക് നിലച്ചുപോയിരുന്നു. ഇപ്പോള്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്.
ബാക്കി ജോലികള്‍ക്കായി ഏജന്‍സി കിഫ്ബിക്ക് സമര്‍പ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ ടര്‍ഫ്, പവിലിയനുകള്‍, ഗാലറികള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റ് സംവിധാനം, വിഐപി ലോഞ്ച്, പമ്പ് ഹൗസ്, ബോര്‍വെല്‍, പവര്‍ സബ് സ്റ്റേഷന്, അഗ്നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നത്.
എല്ലാത്തരം ഇന്‍ഡോര്‍ ഗെയിമുകളും നടത്താനുള്ള സൗകര്യമുണ്ടാകും. ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തല്‍ക്കുളമാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, പാര്‍ക്ക്, പ്രത്യേക ക്രിക്കറ്റ് മൈതാനം എന്നിവ തുടര്‍ പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയം വരുംതലമുറയ്ക്ക് ഉപകാരപ്രദമാകുമെന്ന് 1982ല്‍ ലോംഗ് ജംപില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് വിജയിച്ച ചെങ്ങന്നൂര്‍ സ്വദേശി ഡോ. ഷേര്‍ലി ഫിലിപ്പ് പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ നടത്താനും അതുവഴി ഉണ്ടാകുന്ന വികസനങ്ങളും രാജ്യത്തിനുണ്ടാകുന്ന മാറ്റങ്ങളും വളരെ സന്തോഷമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.