ആര്‍ദ്ര കേരളം പുരസ്കാരം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രണ്ടാംസ്ഥാനം
1591232
Saturday, September 13, 2025 3:47 AM IST
പത്തനംതിട്ട: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാര നിറവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാന വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.
അഞ്ച് ലക്ഷം രൂപയാണ് പുരസ്കാര തുക. ഗ്രാമപഞ്ചായത്ത് വിഭാഗം ജില്ലാതലത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം രൂപ) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും ( മൂന്ന് ലക്ഷം രൂപ) കോയിപ്രം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും ( രണ്ട് ലക്ഷം രൂപ) സ്വന്തമാക്കി. മന്ത്രി വീണാ ജോര്‍ജാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ശ്രദ്ധേയമാണ്. 2023-24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ 1692.95 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരത്തിന് പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകല്‍പ്പ് സ്കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചു.
പ്രതിരോധ കുത്തിവയ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കൽ, മോഡേണ്‍ മെഡിസിന്, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും വിലയിരുത്തി.