മഴയിൽ കുറവില്ല; പക്ഷേ, നദികളിൽ വെള്ളമില്ല!
1591220
Saturday, September 13, 2025 3:44 AM IST
നാലു ശതമാനം അധിക മഴ
പത്തനംതിട്ട: കാലവർഷം ശക്തമായി പെയ്തിട്ടും ജില്ലയിലെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ പന്പാനദിയിൽ നടന്ന ജലോത്സവങ്ങൾക്കു വെള്ളം തീരെ കുറവായിരുന്നു. കിഴക്കൻ മേഖലയിലെ സംഭരണികൾ തുറന്നു വെള്ളം എത്തിച്ചാണ് പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന് നെട്ടായം സജ്ജമാക്കിയത്. ആറന്മുള ജലോത്സവം സുഗമമാകണമെങ്കിൽ അഞ്ച് മീറ്ററെങ്കിലും വെള്ളം നെട്ടായത്തിൽ ഉണ്ടാകണം.
എന്നാൽ, മത്സരത്തലേന്ന് മൂന്ന് മീറ്റർ മാത്രമായിരുന്നു വെള്ളം. ഇനി നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കു പള്ളിയോടങ്ങൾ എത്തണമെങ്കിലും ജലനിരപ്പ് കുറയുന്നത് ആശങ്കയ്ക്കു കാരണമാകും. വള്ളസദ്യയ്ക്കായി കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പള്ളിയോടങ്ങളുടെ യാത്ര പലയിടത്തും തടസപ്പെട്ടിരുന്നു.
ഇക്കൊല്ലം ജൂൺ മുതൽ ഇന്നലെ വരെയുള്ള കണക്കിൽ പത്തനംതിട്ട ജില്ലയിൽ നാല് ശതമാനം അധികമഴയാണ് ലഭിച്ചിട്ടുള്ളത്. 1411. 9 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 1473.3 മില്ലിമീറ്റർ മഴ പെയ്തു. കേരളത്തിലാകമാനം ഇക്കുറി 14 ശതമാനം മഴയുടെ കുറവുണ്ട്. ഇക്കുറി കാലവർഷം നേരത്തെ എത്തിയെങ്കിലും മഴയുടെ അളവിൽ പലയിടത്തും കുറവുണ്ടായി. കഴിഞ്ഞവർഷത്തെ കണക്കിൽ ഇക്കാലയളവിൽ ഇതിലും അധികം മഴ ലഭിച്ചിരുന്നതായി പറയുന്നു.
വെള്ളം തടയപ്പെടുന്നില്ല
പമ്പാനദിയുടെ അടിത്തട്ട് നാല് മീറ്ററോളം താഴ്ന്നതും മണൽശേഖരം ഇല്ലാതായതും കാരണം വെള്ളം തടയപ്പെടുന്നില്ല. മഴക്കാലത്ത് എത്തുന്ന വെള്ളം വളരെവേഗം ഒഴുകിപ്പോകുകയാണ്. രണ്ടു ദിവസം മഴ പെയ്തില്ലെങ്കിൽ നദി ശോഷിക്കുന്ന അവസ്ഥയാണ്. പന്പാനദിയിൽ വ്യാപകമായി രൂപപ്പെട്ടിരിക്കുന്ന പുറ്റുകളും ജലം തടഞ്ഞുനിർത്താൻ പര്യാപ്തമല്ല. നദി പലേടത്തും ശോഷിച്ചു തുടങ്ങി. മുന്പ് നദി ഒഴുകിയിരുന്ന ഇടങ്ങൾ പലതും കരകളായി രൂപപ്പെട്ടു.
വിസ്തൃതി കുറഞ്ഞ നദിയുടെ അടിത്തട്ട് താഴുകയും ജലമൊഴുക്ക് വർധിക്കുകയും ചെയ്തു. ഇത് നദി കൂടുതൽ അപകടകാരികളായി മാറാനും ഇടയാക്കി. നദിയുടെ അടിത്തട്ട് ഉയർത്താനുള്ള നടപടി വേണമെന്നു വിദഗ്ധ പഠനങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ടു നദിയിൽ ചെറുതടയണകൾ അടക്കം ശിപാർശ ചെയ്തു. എന്നാൽ, മണൽവാരൽ പ്രക്രിയ പുനരാരംഭിക്കാമെന്ന നിർദേശത്തിനാണ് റവന്യൂവകുപ്പിൽ പ്രാധാന്യം ലഭിച്ചത്. ഇതിനാവശ്യമായ നടപടി പൂർത്തീകരിച്ചിട്ടുമുണ്ട്.
പദ്ധതികളെയും ബാധിച്ചു
പന്പാനദിയിൽ മാത്രം മുപ്പതോളം ചെറുതും വലുതുമായ ശദ്ധജല വിതരണ പദ്ധതികൾ പത്തനംതിട്ട ജില്ലയിലുണ്ട്. ശക്തമായ വെള്ളം ഒഴുക്കുള്ളപ്പോൾ നദികളിലെ മണൽശേഖരം അരിക്കൽ പ്രക്രിയ നടത്തി ശുദ്ധജലം വേർതിരിച്ചു നൽകുന്നു.
നദിയുടെ മധ്യത്തിൽ കിണറിനു സമാനമായ രീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് അരിക്കൽ അറ ( ഫിൽറ്ററൈസേഷൻ ചേംബർ ) നിർമിച്ച് ഇതിലേക്ക് അരിച്ചിറങ്ങുന്ന ജലം വലിയ പൈപ്പിലൂടെ കരയിൽ സ്ഥാപിച്ചിട്ടുള്ള വലിപ്പമേറിയ ടാങ്കിൽ എത്തിച്ച് ക്ലോറിനൈസേഷൻ ചെയ്ത ശേഷമാണ് പമ്പ് ചെയ്ത് പ്രധാന ടാങ്കിലേക്കും അവിടെനിന്നു വിവിധ സ്ഥലങ്ങളിലേക്കും ജലം എത്തിക്കുന്നത്.
എന്നാൽ, നദിയുടെ അടിത്തട്ട് താഴ്ന്നതിനാൽ ഇപ്പോൾ അരിക്കൽ അറകൾ ജലനിരപ്പിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം സ്വാഭാവികമായ അരിക്കൽ പ്രക്രിയ സുഗമമായി നടക്കുന്നില്ല. പമ്പു ഹൗസിൽ നിന്ന് അരിക്കൽ പ്രക്രിയയിലൂടെ ശുദ്ധജലം ലഭിക്കുന്നത് മഴക്കാലത്ത് വെള്ളം കൂടുതൽ ഉള്ളപ്പോൾ മാത്രമാണ്.
അരിക്കൽ അറകൾക്കു മുകളിലൂടെ ജലം ഒഴുകുന്നത് മഴയുള്ളപ്പോൾ മാത്രമാണ്. വേനൽ കാലത്ത് ജലനിരപ്പ് താഴുന്നതിനാൽ അരിക്കൽഅറ ജല നിരപ്പിന് മുകളിൽ ആയിരിക്കും. ഇപ്പോൾ മഴ പെയ്യാത്ത ദിവസങ്ങളിലും സമാനമായ സാഹചര്യമാണ്.
ക്ലോറിനേഷൻ നടക്കുന്നുണ്ടെങ്കിലും വെള്ള പലപ്പോഴും മാലിന്യങ്ങൾ നിറഞ്ഞതായിരിക്കും. അരിക്കൽ പ്രക്രിയ നടന്നുകൊണ്ടിരുന്ന അറകൾക്കു സമീപത്തുണ്ടായിരുന്ന മണലും നഷ്ടപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുന്പ് മണൽവാരൽ അനുവദിച്ചിരുന്ന കാലഘട്ടത്തിൽ ഇത്തരം സ്ഥലങ്ങളിലെ മണ്ണ് വേഗത്തിൽ ഖനനം ചെയ്യുന്നതിനോടായിരുന്നു താത്പര്യം.
ശോച്യാവസ്ഥ അയിരൂരിൽ
പന്പാനദിയുടെ ശോച്യാവസ്ഥയുടെ വ്യക്തമായ ചിത്രം കാട്ടൂർ നീർപ്പാലത്തിൽനിന്നു താഴേക്കുള്ള ഭാഗത്തു കാണാം. അയിരൂർ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് 30 വർഷം മുമ്പ് നദീ മധ്യത്തിൽ സ്ഥാപിച്ച അരിക്കൽ അറ ഇപ്പോൾ കരയിലായ അവസ്ഥയിലാണ്. അയിരൂർ വാഴക്കുന്നം മറുകരയിൽ നീലംപ്ലാവിലാണ് ജലഅഥോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
നദിയുടെ മധ്യത്തിൽ ഫിൽറ്ററൈസേഷൻ ചേംബർ നിർമിച്ചപ്പോൾ മറുകരയായ വാഴക്കുന്നം തീരത്തോടു ചേർന്ന് മണൽ ഖനനം വ്യാപിച്ചു. ഇതുമൂലം നദിയുടെ തെക്കുഭാഗത്ത് ആഴം കൂടിയതോടെ നിറഞ്ഞൊഴുകിയിരുന്ന നദിയുടെ ഗതി മാറി.
ആഴമുള്ള ഭാഗത്തു കൂടി നദി ഒഴുകി തുടങ്ങിയതോടെ അരിക്കൽ അറ സ്ഥിതി ചെയ്യുന്ന വടക്കുകര ഉയർന്നു തുടങ്ങി. ചെളി അടിഞ്ഞ് പുറ്റുകൾ വ്യാപിച്ചതോടെ ഇവിടം കരയായി രൂപപ്പെട്ടു. അതോടെ അരിക്കൽ അറ കരയിലായി.
ഒടുവിൽ ഈ ഭാഗത്തുനിന്നു മണ്ണെടുത്തു മാറ്റി അരിക്കൽ അറയിലേക്ക് ജലം ഒഴുകി എത്താൻ വഴി ഒരുക്കുകയാണ് ജലഅഥോറിറ്റി ചെയ്തിരിക്കുന്നത്.
അരിക്കൽ അറ ചരിഞ്ഞു
മണൽ വാരലിനെത്തുടർന്ന് അരിക്കൽ അറ ചരിഞ്ഞ സംഭവം കോഴഞ്ചേരിയിലാണ് മുന്പുണ്ടായത്. അറയ്ക്ക് ചുറ്റും ഖനനം ആരംഭിച്ചതോടെ മണൽ കുറഞ്ഞ ഭാഗത്തേക്കു ചരിയുകയായിരുന്നു.
അങ്ങനെ കോടികൾ ചെലവഴിച്ച പദ്ധതി ഭാഗികമായി വെള്ളത്തിലായി. ചരിഞ്ഞ വീപ്പയുടെ അവസ്ഥയിലായ അറയിൽ, അരിക്കൽ പ്രക്രിയ ഇപ്പോൾ നടക്കുന്നില്ലെങ്കിലും വെള്ളം പമ്പു ചെയ്യുന്നുണ്ട്.
അരിക്കൽ അറയുടെ മറ്റൊരു ദുരവസ്ഥ കോയിപ്രം പഞ്ചായത്തിലെ പൂവത്തൂരിൽ ദൃശ്യമാണ്. പാക്കഞ്ഞി പാറയ്ക്ക് മുകളിൽ കണ്ണങ്കേരി കയത്തിനു സമീപം സ്ഥിതിചെയ്യുന്ന അരിക്കൽഅറയ്ക്ക് ചുറ്റും ചെളി നിറഞ്ഞ് പുറ്റു രൂപപ്പെട്ടിരിക്കുകയാണ്. അരിക്കൽ അറയിലേക്ക് വെള്ളം എത്താൽ കഴിയാത്ത വിധം പുറ്റു വളർന്നു നിൽക്കുകയാണ്.
ജലപരപ്പിനു മുകളിൽ അരിക്കൽഅറയും തെളിഞ്ഞു കാണാം. അരിക്കൽ പ്രക്രിയ നടക്കാത്തതിനാൽ ക്ലോറിനേഷൻ ചെയ്ത് ദിവസവും പന്പിംഗ് നടക്കുന്നുണ്ട്.