തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതകളിറങ്ങും
1591225
Saturday, September 13, 2025 3:44 AM IST
പത്തനംതിട്ട: ആസന്നമായ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സംവരണ വാർഡുകളുടെ എണ്ണത്തിലുണ്ടായ വർധന കൂടുതൽ വനിതകൾക്കു പൊതുരംഗത്തേക്ക് അവസരങ്ങൾ നൽകും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ത്രിതല പഞ്ചായത്ത് നഗരസഭകളിൽ വാർഡുകളുടെയും ഡിവിഷനുകളുടെയും എണ്ണം വർധിച്ചതിന് ആനുപാതികമായി സംവരണ വാർഡുകളുടെ എണ്ണവും കൂടി.
പഞ്ചായത്ത് രാജ്, നഗരപാലിക നിയമപ്രകാരം ആകെ വാർഡുകളുടെയും ഡിവിഷനുകളുടെയും എണ്ണത്തിന്റെ 50 ശതമാനം വനിതകൾക്കായി ജനറൽ വിഭാഗത്തിൽ സംവരണം ചെയ്യണം. ഇതുകൂടാതെയാണ് പട്ടികജാതി, പട്ടികവർഗ വനിതാ സംവരണ വാർഡുകൾ ഉണ്ടാകുക. മൊത്തം ജനപ്രതിനിധികളുടെ 55 ശതമാനത്തോളം വനിതകളായിരിക്കും തെരഞ്ഞെടുക്കപ്പെടുകയെന്നാണ് സൂചന.
ഗ്രാമപഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം കുറഞ്ഞത് 14 ആയി വർധിച്ചതോടെ സ്വാഭാവികമായി ജനറൽ വിഭാഗത്തിൽതന്നെ കുറഞ്ഞത് ഏഴ് സംവരണ വാർഡുകൾ ഉണ്ടാകും. 15 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തുകളിൽ വനിതാ സംവരണ വാർഡുകൾ എട്ടാകും. ആകെ മണ്ഡലങ്ങളുടെ എണ്ണം ഒറ്റ സംഖ്യ ആണെങ്കിൽ അവിടെ സംവരണം 50 ശതമാനവും കടക്കും.
ജില്ലാ പഞ്ചാ. ജനറൽ സീറ്റ് അഞ്ച്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 17 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം വനിതാ ജനറല്‍ സംവരണവും ഒരു മണ്ഡലം പട്ടികജാതി വനിതയ്ക്കും മറ്റൊരെണ്ണം പട്ടികജാതി ജനറല്‍ വിഭാഗത്തില്‍ രണ്ട് മണ്ഡലങ്ങളും സംവരണം ചെയ്തപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ ലഭിക്കുന്നത് അഞ്ച് സീറ്റുകള്‍ മാത്രമാകും.
2020ലെ തെരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളുണ്ടായിരുന്നതില് എട്ടെണ്ണം വനിതാ ജനറല്‍ സംവരണവും പട്ടികജാതി ജനറൽ, വനിത എന്നിവര്‍ക്കായി ഓരോ മണ്ഡലവുമാണ് സംവരണം ചെയ്തിരുന്നത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 73 വനിതാ സംവരണ മണ്ഡലങ്ങളുണ്ടാകും. 53 ഗ്രാമപഞ്ചായത്തുകളിലായി 474 വനിതാ സംവരണ മണ്ഡലങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തും സംവരണം
തെരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷ സ്ഥാനങ്ങളിലും 50 ശതമാനത്തിലധികം സീറ്റുകൾ വനിതകൾക്ക് ലഭിക്കും. അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിലാണെങ്കിൽ ഇത്തരം സ്ഥലങ്ങളിൽ ഉപാധ്യക്ഷ സ്ഥാനം വനിതയ്ക്കാണ്. ജനറൽ സ്ഥാനങ്ങളിലും വനിതകൾക്ക് അവസരം ഉള്ളതിനാൽ സംവരണത്തിനു പുറമേ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ വനിതാ പ്രാതിനിധ്യം ഏറും. ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുകളിൽ 27 സ്ഥാനങ്ങൾ വനിതകൾക്കുള്ളതാകും.
ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം കഴിഞ്ഞതവണ ജനറൽ വിഭാഗത്തിലായിരുന്നതിനാൽ ഇത്തവണ അതും സംവരണ പട്ടികിലാകും. വനിതയോ പട്ടികജാതി സംവരണമോ ആകാനാണ് സാധ്യത. കഴിഞ്ഞതവണ ജനറൽ വിഭാഗത്തിലായിരുന്ന അധ്യക്ഷ പദവികൾ ഇത്തവണ ജനറൽ വിഭാഗത്തിലേക്ക് മാറ്റുന്നതാണ് കീഴ്വഴക്കം.
പരിശീലനം നൽകും
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്കു പരിശീലനം നൽകാനായി കില പദ്ധതി തയാറാക്കിയിട്ടുണ്ട്. പരിശീലനം ഈ മാസാവസാനം ആരംഭിക്കും. പുതുതായി മത്സരരംഗത്തേക്ക് വരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ പ്രവർത്തകർ അടക്കം ഇത്തവണ കൂടുതലായി മത്സരരംഗത്തേക്കു കടന്നുവരാനുള്ള സാധ്യതയുണ്ട്.