വാസ്തുവിദ്യാ ഗുരുകുലത്തിന് ഭാരതീയജ്ഞാന പദവി നഷ്ടമായി
1545522
Saturday, April 26, 2025 3:44 AM IST
പത്തനംതിട്ട: ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന് കേന്ദ്ര സർക്കാർ നൽകിയ ഭാരതീയ ജ്ഞാന കേന്ദ്ര പദവി ചെയർമാന്റെയും ഡയറക്ടറുടെയും പിടിവാശി മൂലം നഷ്ടമായി. ഗവേഷണത്തിനായി ഗുരുകുലത്തിന് അനുവദിച്ച കേന്ദ്ര ഫണ്ടും ഇതോടെ നഷ്ടപ്പെട്ടു. ഇന്ത്യയിൽ ഐഐടി ചെന്നൈ, ഐഐടി വാരണാസി തുടങ്ങി അപൂർവമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രം ലഭിക്കുന്ന പദവിയാണ് അധികൃതരുടെ കടുംപിടുത്തം മൂലം നഷ്ടമായത്.
വാസ്തു വിദ്യാഗുരുകുലം ചെയർമാൻ പദവിയിലേക്ക് ആർക്കിടെക്ടും ഹാബിറ്റാറ്റ് ഉടമയുമായ ജി.ശങ്കർ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഭാരതീയ ജ്ഞാന കേന്ദ്ര പദവിയിലൂടെ ലഭ്യമായ പണം ഉപയോഗിച്ച് നടത്തിയ ഗവേഷണ പ്രബന്ധം സ്വകാര്യ സ്ഥാപന ഉടമയായ ജി. ശങ്കറിന് കൈമാറാൻ തയാറാകാത്തതാണ് പദവി നഷ്ടമാകാൻ കാരണമെന്ന് സീനിയർ സയന്റിസ്റ്റും ഗവേഷകനുമായ സുരേഷ് കൊല്ലേത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.
മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്ത് ഗുരുകുലത്തിൽ ആരംഭിച്ച പ്രകൃതി സൗഹൃദ നിർമാണ ഡിവിഷൻ പ്രോജക്റ്റ് എൻജിനിയറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ സീനിയർ പ്രോജക്റ്റ് സയന്റിസ്റ്റുമായിരുന്നു സുരേഷ് കൊല്ലേത്ത്. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഭാരതീയ ജ്ഞാന കേന്ദ്ര പദവി ഗുരുകുലത്തിന് ലഭിക്കുന്നത്.
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ പദ്ധതികൾ ജനങ്ങളുടെ വിശ്വാസപരമായ നിർമാണത്തിൽ അധിഷ്ഠിതമായതിനാൽ അതിനൊപ്പം സാങ്കേതിക വിദ്യയ്ക്കു കൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള ഗവേഷണ പദ്ധതികളാണ് സുരേഷ് കൊല്ലേത്ത് വിഭാവനം ചെയ്തിരുന്നത്.
ഇതനുസരിച്ച് പ്രകൃതി സൗഹൃത നിർമാണ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വാസ്തുവിദ്യാ ഗുരൂ കുലത്തിൽ റിസർച്ച് വിംഗ് ആരംഭിക്കുമ്പോൾ സയന്റിസ്റ്റായി തന്നെ നിയമിക്കണമെന്ന വ്യവസ്ഥയിലാണ് സുരേഷ് ഗവേഷണ ജോലികൾ തുടങ്ങിയത്.
ഭാരതീയ ജ്ഞാന കേന്ദ്ര പദവി പരിഗണിച്ചപ്പോൾ, കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് പുതിയ നിർമിതികൾ നടത്തുന്നതിനെ സംബന്ധിച്ചു ഗവേഷണം ആരംഭിച്ചിരുന്നു. എഐസിടി നൽകിയ ഫണ്ട് ഉപയോഗിച്ചായിരുന്നു ഗവേഷണം. എന്നാൽ ഗവേഷണ ഫലം എഐസിടിക്കു കൈമാറുന്നതിനൊപ്പം ഹാബിറ്റാറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചെയർമാനുമായ ജി. ശങ്കറിനും കൈമാറണമെന്ന നിർദ്ദേശം ഗുരുകുലം ഡയറക്ടർ പ്രിയദർശൻ മുന്നോട്ടു വച്ചു.
സുരേഷ് ഇതിന് സമ്മതിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ 17 മാസത്തെ ശമ്പളം തടഞ്ഞുവച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാർ ഭാരതീയ ജ്ഞാന കേന്ദ്ര പദവിയിൽ നിന്നും വാസ്തുവിദ്യാ കേന്ദ്രത്തെ ഒഴിവാക്കിയത്. സുരേഷിന് തുടർന്നും ഗവേഷണം നടത്താനും അനുമതി നൽകി.