കോഴഞ്ചേരി പ്രസംഗം: ഒരു വർഷം നീളുന്ന സാംസ്കാരിക പരിപാടികളെന്ന് മന്ത്രി വീണാ ജോർജ്
1545528
Saturday, April 26, 2025 3:44 AM IST
കോഴഞ്ചേരി: തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടി ജില്ലയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കോഴഞ്ചേരിയിൽ നവീകരിച്ച സി. കേശവൻ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ ഇന്നത്തെ നിലയിലെത്തിക്കുവാനും ജനതയെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുവാനും പഠിപ്പിച്ച വ്യക്തിത്വമാണ് സി. കേശവൻ. പിന്നാക്ക വിഭാഗങ്ങൾക്ക് തൊഴിൽ ഇടങ്ങളിൽ ഉൾപ്പെടെ നിലനിന്ന അസമത്വങ്ങളും അനീതിയും അധികാര വർഗത്തിന്റെ തെറ്റുകളും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ തുറന്നടിച്ചു. പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണം ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് കാരണമായ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണയ്ക്കായി നിർമിച്ച സി. കേശവൻ സ്ക്വയർ ചരിത്രത്തെ ഓർമിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. 2018 പ്രളയത്തെ തുടർന്ന് ശോചനാവസ്ഥയിൽ ആയിരുന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാഥിതിയായിരുന്നു. എൽഐ ഡി ആൻഡ് ഇഡബ്ല്യു അസ്സിസ്റ്റന്റ് എൻജിനിയർ ജി. വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ കെ. സി. രാജഗോപാൽ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വിക്ടർ ടി. തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ,
മോഹൻ ബാബു, എൽഐഡി ആൻഡ് ഇഡബ്ല്യു എക്സിക്യൂട്ടീവ് എൻജിനിയർ എസ്. അനിത, എസ്എൻഡിപി യോഗം കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ എന്നിവർ പ്രസംഗിച്ചു.