അസാധാരണ നിലപാടുകളിലൂടെ ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധേയനായി: എം.എ. ബേബി
1545526
Saturday, April 26, 2025 3:44 AM IST
പത്തനംതിട്ട: മനുഷ്യ ജീവിതവും സമൂഹവും തുടങ്ങി വിവിധ പ്രശ്നങ്ങളിൽ സുവ്യക്തമായ നിലപാടുകൾ ആവിഷ്കരിച്ച് ഫ്രാൻസിസ് മാർപാപ്പ അസാധാരണ നിലപാടുകളിൽ എന്നും ശ്രദ്ധേയനായിരുന്നുവെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വേദനിക്കുന്നവരോടും നിരാലംബരോടും ന്യൂനപക്ഷങ്ങളോടും ചേർന്നു നിന്നുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. പട്ടിണി കിടന്ന് തെരുവിൽ മരിക്കുന്ന മനുഷ്യനെക്കുറിച്ച് മാധ്യമങ്ങളൊന്നും പറയുന്നില്ല, മറിച്ച് ഓഹരി കമ്പോളത്തിൽ ഓഹരി വിലനിലവാരത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടായാൽ മാധ്യമങ്ങൾ വലിയതോതിൽ ചർച്ച ചെയ്യുന്നതായി മാർപാപ്പ ഒരു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ പുരോഗതിക്കായി കൃത്യമായ ഇടപെടലുകൾ നടത്തിയാളാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് എം.എ. ബേബി പറഞ്ഞു. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാൻ നഗരത്തിൽ ആദ്യമായി ഭരണച്ചുമതല സ്ത്രീക്കു നൽകിയ അദ്ദേഹം സ്ത്രീകളെ നേതൃരംഗത്തേക്ക് ഉയർത്തിക്കൊണ്ടു വന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണ്.
സിപിഎമ്മിന്റെ അഖിലേന്ത്യാ തലത്തിലെ പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയിൽ ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് ലോകപ്രശസ്ത ചിന്തകനായ പ്രഫ. പ്രഭാത് പട്നായിക് ലേഖനം എഴുതി. മാർപാപ്പ മുതലാളിത്തതിന് എതിര് എന്നായിരുന്നു ലേഖനത്തിന്റെ ശീർഷകം. ഫ്രാൻസിസ് മാർപാപ്പയെ കുറിച്ച് താനും ചിന്താ വാരികയിൽ ലേഖനം എഴുതിയിട്ടുണ്ടെന്ന് എം.എ ബേബി പറഞ്ഞു.
ചുമതല ഏറ്റതിനു പിന്നാലെ പോപ്പ് പുറത്തിറക്കിയ ആദ്യ പ്രസ്താവനകളിൽ തന്നെ ലോകത്തോടുള്ള അദ്ദേഹത്തിന്റെ സന്ദേശവും നിലപാടുകളും വ്യക്തമായിരുന്നുവെന്നും ബേബി അഭിപ്രായപ്പെട്ടു.