59 പേർ പ്രതികളായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു
1545529
Saturday, April 26, 2025 3:44 AM IST
പത്തനംതിട്ട: പോക്സോ വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ പ്രതികളായ പത്തനംതിട്ട പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ഒന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്.
വിദേശത്തുളള രണ്ടു പ്രതികൾ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയും നാട്ടുകാരും സഹപാഠികളും അടക്കം 59 പ്രതികളാണുള്ളത്. അഞ്ചു പോലീസ് സ്റ്റേഷനുകളിലായി 30 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കൂട്ട ബത്സംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരേചുമത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതികൾക്കെതിരേ പട്ടിക ജാതി, വർഗ പീഡന നിരോധന നിയമം ചുമത്തിയിട്ടുണ്ട്.
സൗഹൃദം നടിച്ച് സമീപവാസിയായ യുവാവാണ് പെൺകുട്ടിയെ ആദ്യം ദുരുപയോഗം ചെയ്തത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. പീഡന ദൃശ്യങ്ങൾ കണ്ടവർ പലരും കുട്ടിയുമായി സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിപട്ടികയിൽ പ്രായപൂർത്തിയാകാത്ത അഞ്ചുപേരുണ്ട്.
17 കേസുകൾ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ 12, മലയാലപ്പുഴ, പന്തളം, കല്ലമ്പലം സ്റ്റേഷനുകളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് രണ്ടു പ്രതികളെ പിടികൂടാനുള്ളത്.