തിരുനാളാഘോഷം
1545532
Saturday, April 26, 2025 3:52 AM IST
ചന്ദനപ്പള്ളി കത്തോലിക്കാ പള്ളിയിൽ
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിന് നാളെ കൊടിയേറും. രാവിലെ എട്ടിന് പുത്തൂർ രൂപതാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ മക്കാറിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. പത്തിനു തീർഥാടന വാരാഘോഷം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ സമ്മേളനം തുടർന്നു നടക്കും.11 ന് തിരുനാൾ കൊടിയേറ്റ് നടക്കും.
മാർപാപ്പയുടെ ദേഹവിയോഗത്തേ തുടർന്ന് ഈ വർഷം തിരുനാളിന് ആഘോഷങ്ങൾ പരിമിതപ്പെടുത്തിയതായി വികാരി ഫാ. ബെന്നി നാരകത്തിനാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസ കാര്യങ്ങൾ എന്നിവ മാത്രമേ ഉണ്ടാകൂ. ആഘോഷങ്ങളിൽ ലാളിത്യം പുലർത്തും. ദിവസവും രാവിലെ കുർബാന, കുട പ്രദക്ഷിണം, കുട സമർപ്പണം തുടങ്ങിയവ തിരുനാളിന്റെ ഭാഗമായി നടക്കും.
മേയ് ആറ്, ഏഴ് തീയതികളിലാണ് പ്രധാന തിരുനാൾ. ആറിനു രാവിലെ 7.30 ന് കുർബാന, രാത്രി 7.30 ന് റാസ. ദേവാലത്തിൽനിന്നും റാസ ആരംഭിച്ച് ഗവ.ആശുപത്രി റോഡ്, വളത്തുകാട്, ഇടത്തിട്ട സെന്റ് ജൂഡ് കുരിശടി, ഇടത്തിട്ട ജംഗ്ഷൻവഴി തിരികെ ദേവാലയത്തിലേക്ക്. ഏഴിനു രാവിലെ 7.30 ന് ചെമ്പിൽ അരി സമർപ്പണം, 8.30 ന് ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം,12.30 ന് വെച്ചൂട്ട്, 3.30 ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണ റാലി.
11ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും. സഹവികാരി സനു സാം തെക്കേ കാവിനാൽ, ട്രസ്റ്റി വിൽസൺ പാലവിള, സെക്രട്ടറി ഫിലിപ്പ് കിടങ്ങിൽ, പ്രോഗ്രാം കൺവീനർ ബാബു കെ. പെരുമല, ഫെബിൻ സാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കോന്നി സെന്റ് ജോർജ് പള്ളിയിൽ
പത്തനംതിട്ട: കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ നാളെ മുതൽ മേയ് ഏഴുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
7.30ന് കുർബാന തുടർന്ന് പെരുന്നാൾ കൊടിയേറ്റ്. വൈകുന്നേരം നാലിന് വിളംബര ഘോഷയാത്ര.
28 ന് സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നേത്യത്വത്തിലുള്ള ഷട്ടിൽ ടൂർണമെൻറ് ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. 29 ന് സഭാകവി സി.പി. ചാണ്ടി സ്മാരക സംഗീത സമൂഹ ഗാന മത്സരം രഞ്ജു എം.ജോയ് ഉദ്ഘാടനം ചെയ്യും. 30 ന് മർത്തമറിയം സമാജം സമ്മേളനം.
മേയ് ഒന്നു മുതൽ രാവിലെ വിശുദ്ധ കുർാന ഉണ്ടാകും. ഒന്നിനു രാവിലെ പത്തിന് അഖില മലങ്കര ക്വിസ് മത്സരം. വൈകുന്നേരം 6.30ന് കലാസന്ധ്യ കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. രണ്ടിനു വൈകുന്നേരം യുവജന സംഗമം.
മൂന്നിനു രാത്രി ഏഴിന് ഫാ. ഗീവർഗീസ് കോശി വചന ശുശ്രൂഷ നിർവഹിക്കും. നാലിനു രാവിലെ 7.30ന് ഡോ.യുഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും. പത്തിന് ഇടവകദിനാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് ഫാ. ജോൺ റ്റി. വർഗീസും അഞ്ചിനു ഫാ.ഡോ.അല്കസ് ജോണും വചന ശുശ്രൂഷ നിർവഹിക്കും. ആറിനു വൈകുന്നേരം അഞ്ചിന് മണിമാളിക സമർപ്പണം ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിക്കും. രാത്രി ഏഴിന് പെരുന്നാൾ പ്രദക്ഷിണം. പ്രധാന പെരുന്നാൾ ദിനമായ ഏഴിനു രാവിലെ അഞ്ചിന്മേൽ കുർബാനയ്ക്ക് ഡോ.ഏബ്രഹാം മാർ സെറാഫിം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആശിർവാദവും നേർച്ച വിളമ്പും. കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.
ഇടവക വികാരി ഫാ. ജോർജ് ഡേവിഡ്, സെക്രട്ടറി ബെന്നി തോമസ്, ജനറൽ കൺവീനർ ജോസ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ബിജിൽ ബി. മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ
ചന്ദനപ്പള്ളി: ആഗോള തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന് നാളെ കൊടിയേറും. രാവിലെ 6.45ന് തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് തീർഥാടന വാരാചരണം ഉദ്ഘാടനം, 10.30ന് പള്ളിയങ്കണത്തിലെ സ്വർണക്കൊടി മരത്തിലും വിവിധ കുരിശടികളിലും ഭവനങ്ങളിലും കൊടിയേറ്റ്, ഉച്ചകഴിഞ്ഞ് മൂന്നിന് ഇടഭാഗം കരയിൽ നിന്ന് കൊടിമര ഘോഷയാത്ര, ആറിന് കൽക്കുരിശിങ്കൽ കൊടിയേറ്റ്.
മേയ് ഏഴിനു രാവിലെ ന് 6.45 നു കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10 നു പൊന്നിൻകുരിശ് സമർപ്പണം, മൂന്നിനു പദയാത്ര സംഗമം, അഞ്ചിന് ജംഗ്ഷനിൽ സ്വീകരണം, ആറിനു സന്ധ്യാ നമസ്കാരം, അനുഗ്രഹ പ്രഭാഷണം, ശ്ലൈഹിക വാഴ്വ്, രാത്രി എട്ടിനു റാസ, ഗാനമേള എന്നിവ ഉണ്ടാകും.
പ്രധാന പെരുന്നാൾ ദിനമായ എട്ടിനു രാവിലെ ആറിനു ചെമ്പിൽ അരിയിടീൽ കർമം, ഏഴിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 11ന് തീർഥാടക സംഗമം പശ്ചിമബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര സംവിധായകൻ ബ്ലെസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം നൽകി ആദരിക്കും. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് ചന്ദനപ്പള്ളി ചെന്പെടുപ്പ് റാസ. മൂന്നിന് റാസയ്ക്ക് ജംഗ്ഷനിൽ സ്വീകരണം, മന്ത്രി പി പ്രസാദ് പ്രസംഗിക്കും. അഞ്ചിനു പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, എട്ടിനു താളവിസ്മയം, നാടകം എന്നിവ നടക്കും.