ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുമായി ജീവിച്ച ഫ്രാൻസിസ് മാർപാപ്പ
1545523
Saturday, April 26, 2025 3:44 AM IST
(മാർത്തോമ്മ സഭ അല്മായ ട്രസ്റ്റി അൻസിൽ സഖറിയ ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുന്നു)
തിരുവല്ല: ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ആലുവ സർവ മതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ വത്തിക്കാനിൽ നടന്ന ലോകമത പാര്‍ലമെന്റിൽ പങ്കെടുക്കാനും ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് മാർപാപ്പയെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഒരു അനുഭവമാണ്.
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആത്മീയാചാര്യനാണ് അദ്ദേഹമെന്ന് വളരെ പെട്ടെന്നു തന്നെ നേരിൽ മനസിലാക്കാൻ കഴിഞ്ഞ സന്ദർഭമായിരുന്നു വത്തിക്കാൻ സന്ദർശന സമയം.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ ക്ഷണപ്രകാരമാണ് വത്തിക്കാനില്‍ പോയത്. മെച്ചപ്പെട്ട മാനവികതയ്ക്കായി മതങ്ങളുടെ ഒരുമിക്കൽ എന്നതായിരുന്നു സമ്മേളന വിഷയം. കനത്ത സുരക്ഷയുടെ നടുവിൽ മാർപാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിനായി ഹാളിൽ പ്രവേശിക്കുമ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഞങ്ങളുടെ കൈയിലുള്ള എല്ലാ സാധനങ്ങളും അദ്ദേഹത്തിന് കൊടുക്കുവാനുള്ള സമ്മാനങ്ങളും അകത്തുകൊണ്ടു പോകാൻ അനുവദിച്ചില്ല.
മാർപാപ്പയുടെ അടുത്തേക്ക് ചെല്ലുവാനും സമ്മാനങ്ങൾ നൽകാനും സാധിക്കില്ലേയെന്ന ചിന്ത മനസിൽ വേദന ഉളവാക്കി. എന്നാൽ ദൈവദൂതനെപ്പോലെ എത്തിയ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സഹായത്താൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്ന് സമ്മാനങ്ങളുമായി അകത്ത് ഹാളിനുള്ളിൽ പ്രവേശിക്കാമെന്ന് അറിയിച്ചു.
ശിവഗിരി പ്രതിനിധികൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎല്‍എ എന്നിവർക്കൊപ്പം ഹാളിൽ പാപ്പയെ കാണാനായി കാത്തിരിക്കുകയായിരുന്നു. മാർപാപ്പ വരുമ്പോൾ അടുത്തുചെന്ന് ദേഹത്തു തൊടുകയോ ഉമ്മ വയ്ക്കുകയോ ചെയ്യരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശവും നല്കി. മാർപാപ്പ ഹാളിലേക്ക് പ്രവേശിക്കുന്നതിന്റെ അറിയിപ്പ് വന്നു.
എങ്ങും കനത്ത നിശബ്ദത. അധികം താമസിക്കാതെ ഹാളിൽ പുഞ്ചിരിയോടെ അദ്ദേഹം അംഗരക്ഷകരുടെ അകമ്പടിയോടെ ആഗതനായി. ഇരിപ്പിടത്തിൽ നിന്നും എല്ലാവരും എഴുന്നേറ്റ് നിന്ന് മാർപാപ്പയെ സ്വീകരിച്ചു. തുടർന്ന് സർവമത സമ്മേളനത്തിൽ റെസ്പെറ്റഡ് സ്വാമീസ് ഓഫ് ശിവഗിരിമഠം ആന്‍ഡ് ഫോളോവേഴ്സ് ഓഫ് ശ്രീനാരായണ ഗുരു, ഡിയർ ഫ്രണ്ട്സ് എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
വിവിധ മതങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള വിശാല മനസ് പ്രകടമാക്കുന്നതായിരുന്നു പ്രഭാഷണം. സംപൂജ്യരായ സ്വാമിമാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രഭാഷണത്തിൽ എടുത്തു പറഞ്ഞത് അബുദാബിയിലെയും ജക്കാർത്തയിലെയും ഗ്രാൻഡ് ഇമാംമാരോടൊപ്പം മാർപാപ്പ ലോക സമാധാനത്തിനായി ഒപ്പുവച്ച കൂട്ടായ്മ രേഖകളെ കുറിച്ചാണ്.
സമ്മേളന പ്രതിനിധികൾക്ക് ഒരോരുത്തരായി അദ്ദേഹത്തിന്റെ അടുത്തുചെന്ന് പരിചയപ്പെടാനും സമ്മാനങ്ങൾ നല്കുവാനുമുള്ള സമയമായി. എന്റെ ഊഴമെത്തി. ആഗോള കത്തോലിക്കാ സഭയുടെ തലവൻ മാത്രമല്ല ഒരു രാജ്യത്തിന്റെ പരമാധികാരി കൂടിയായ മാർപാപ്പയുടെ അടുത്തേക്കാണ് തനിയെ നടന്നു ചെല്ലുന്നത്.
വളരെ പ്രസന്ന ഭാവത്തോടെയാണ് അദ്ദേഹം എന്നെ നോക്കിയത്. പാപ്പായുടെ അടുത്തത്തെത്തി ആശംസകൾ അറിയിച്ചപ്പോൾ അദ്ദേഹം എന്റെ കൈയിൽ പിടിച്ചു. പ്രോട്ടോക്കോൾ എല്ലാം ലംഘിച്ചാണ് അദ്ദേഹം എന്റെ കരം പിടിച്ചത്. തൊടരുതെന്ന നിർദേശം ഞാൻ ലംഘിച്ചില്ല. പാപ്പായാണ് എന്റെ കൈകളിൽ പിടിച്ചത്.
മാർത്തോമ്മ സഭയുടെ പരമാധ്യ ക്ഷനായ ഡോ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത എഴുതിയ ചർച്ച് ആൻഡ് ദി ന്യൂ നോർമൽ എന്ന പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു. പുസ്തകത്തിൽ ഒപ്പിടണോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഞങ്ങളുടെ മെത്രാപ്പോലീത്ത മാർപാപ്പയ്ക്ക് നല്കുവാൻ തന്ന സമ്മാനമാണെന്ന് ഞാൻ മറുപടി നൽകി. പുസ്തകത്തിന്റെ അവസാന താളിലെ മെത്രാപ്പോലീത്തയുടെ പടം അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം പുസ്തകം മറിച്ചു നോക്കി. മാർത്തോമ്മ സഭാധ്യക്ഷന് അദ്ദേഹം ആശംസകളും നേർന്നു.
പാപ്പായോടൊപ്പം ഉള്ള ഫോട്ടോസെഷനുള്ള അവസരമായി. അദ്ദേഹത്തിനായുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്നതിന് മുമ്പ് എല്ലാവരെയും ഒന്ന് തിരിഞ്ഞു നിന്നു. പുഞ്ചിരിയോടെ എല്ലാവരെയും നോക്കി ഉറക്കെ ചിരിക്കാൻ പറഞ്ഞു. നല്ല ചിരി ഫോട്ടോയിൽ പതിയണമെന്ന നിർദേശം മാർപാപ്പ നൽകി. എല്ലാവരുടെയും മുഖത്തു ചിരി വിടർന്നു.
ഇന്ത്യയിൽ നിന്നെത്തിയ സന്യാസിമാരോടും ഞങ്ങളോടും പ്രത്യേക സ്നേഹവും മാനവികമായ കാഴ്ചപ്പാടും ഉള്ളതുകൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും മൂന്നു മണിക്കുറോളം ഞങ്ങൾക്കൊപ്പം പാപ്പ ചെലവഴിച്ചത്. എല്ലാവരുടെയും ഹൃദയം കവർന്നു കൊണ്ടാണ് പാപ്പാ അന്ന് കൈ വീശി പോയത്. ഭാരത സന്ദർശനം മാർപാപ്പ അതിയായി ആഗ്രഹിച്ചിരുന്നു. അത് നടക്കാത്തത് മൂലം അനേകം സാധാരണക്കാരായ ആളുകൾക്ക് അദ്ദേഹത്തെ നേരിൽ കാണുന്നതിനുള്ള സുവർണ അവസരമാണ് നഷ്ടമായത്.