ഓംബുഡ്സ്മാന് 61 പരാതി തീര്‍പ്പാക്കി
1545533
Saturday, April 26, 2025 3:52 AM IST
പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാന് 72 പരാതികൾ പരിഗണിച്ചതിൽ 61 എണ്ണം തീര്‍പ്പാക്കി.
ഗ്രാമപഞ്ചായത്തുകളുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകളില്‍ കേസെടുത്തു. തൊഴിലാളികള്‍ക്ക് അധികമായി നല്കിയ 22,412 രൂപ ഈടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കാത്ത പഞ്ചായത്തുകള്‍ക്ക് അവ ഉറപ്പാക്കാനും നിര്‍ദേശം നല്കി.
സീതത്തോട് പഞ്ചായത്തിലെ അര്‍ഹതയില്ലാത്ത ഗുണഭോക്താവിന് വിവിധ ആവശ്യങ്ങള്‍ക്കായി നല്കിയ 1,07,752 രൂപ ഉദ്യോഗസ്ഥരില്‍ നിന്നും ഒമ്പത് ശതമാനം പലിശ സഹിതം ഈടാക്കുന്നതിന് ഉത്തരവായി. സീതത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി സമയത്ത് സ്ഥാപിക്കേണ്ട സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന്റെ കരാറിലെ ക്രമക്കേടിന് ഉന്നതതല അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു.
പന്തളത്തെ ഓംബുഡ്സ്മാന് ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.