അൽസ്ഹൈമേഴ്സ് ബാധിച്ചു കിടപ്പിലായ രോഗിക്ക് ഹോം നഴ്സിന്റെ ക്രൂരമർദനം
1545530
Saturday, April 26, 2025 3:44 AM IST
കൊടുമൺ: അൽസ്ഹൈമേഴ്സ് ബാധിച്ച് കിടപ്പിലായ രോഗിയെ ശുശ്രൂഷിക്കാൻ നിയോഗിച്ച പുരുഷ ഹോംനഴ്സ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്. മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ തട്ട, പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻ പിള്ളയെ (60) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ച് കിടപ്പിലാണ്.
ഒന്നര മാസം മുമ്പാണ് പത്തനാപുരം സ്വദേശി വിഷ്ണുവിനെ അടുരിലെ ഏജൻസി വഴി രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ പoനാവശ്യത്തിന് തിരുവനന്തപുരത്തുമാണ്. വീണ് പരിക്കേറ്റുവെന്ന് ഹോംനഴ്സ് പറഞ്ഞതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഡോക്ടറുടെ സംശയത്തെ തുടർന്ന് ശശിധരൻ പിള്ളയുടെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ ബന്ധുക്കൾ പരിശോധിച്ചു.
ഇതിലാണ് ശശിധരൻപിള്ളയെ വിഷ്ണു നഗ്നനാക്കി മർദിച്ച് തറയിലൂടെ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചത്. ഇതുസഹിതം കൊടുമൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നര മാസം മുൻപാണ് ഹോം നഴ്സിനെ നിയമിച്ചത്. മൂന്ന് ദിവസം മുൻപാണ് ശശിധരൻ പിള്ളയെ അവശനിലയിൽ കണ്ടെത്തിയത്.