ക്രിമിനൽ കേസുകളിലെ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി
1540772
Tuesday, April 8, 2025 3:22 AM IST
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിനു സമീപം പ്ലാവേലിൽ പി.ആർ. അർജുവിനെയാണ് (കണ്ണൻ, 27) തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 3 (1)പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.
ഫെബ്രുവരി 25 ലെ ജില്ലാ പോലീസ് മേധാവിയുടെ ശിപാർശ പ്രകാരം കഴിഞ്ഞ നാലിനാണ്
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്. 2017 മുതൽ ഇതേവരെ ഏഴ് കേസുകളിൽ പ്രതിയാണ് അർജുനെന്ന് പോലീസ് പറഞ്ഞു. ഇവയിൽ അഞ്ച് കേസുകളാണ് ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. നാല് കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. മറ്റു രണ്ടു കേസുകൾ തിരുവല്ലയിൽ 2017 ൽ രജിസ്റ്റർ ചെയ്തതും വാകത്താനം പോലീസ് 2020 ലെടുത്തവയുമാണ്. തിരുവല്ല, കോട്ടയം, വാകത്താനം എന്നീ സ്റ്റേഷനുകളിലാണ് ക്രിമിനൽ കേസുകൾ നിലവിലുള്ളത്.
ഒരുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിലേക്ക് തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നും തിരുവല്ല സബ് ഡിവിഷണൽ രജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതുപ്രകാരം ഇയാൾ ബോണ്ട് വച്ചിരുന്നു. എന്നാൽ ബോണ്ട് കാലാവധി പൂർത്തിയായ ശേഷം വീണ്ടും കേസിൽ ഉൾപ്പെട്ടു. തുടർന്ന് മൂന്നുവർഷത്തേക്ക് നല്ലനടപ്പ് ജാമ്യത്തിനായി തിരുവല്ല സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ഡിസംബർ 26ന് തിരുവല്ല സബ് ഡിവിഷണൽ രജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു, ഇത് കോടതിയിൽ വിചാരണയിലാണ്.
വീടുകയറി ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകം, കൊലപാതക ശ്രമം, വീട് തകർക്കൽ, പോലീസിനെ ആക്രമിക്കൽ, കഠിന ദേഹോപദ്രവം ഏൽപിക്കൽ, പെപ്പർ സ്പ്രേ ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ് അർജുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഒരു കൊലപാതകക്കേസിലും പ്രതിയായി കോടതി കണ്ടെത്തിയതാണ്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.