മദ്യ-മയക്കുമരുന്ന് വ്യാപനം: സർക്കാർ നയം തിരുത്തണമെന്ന് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1540771
Tuesday, April 8, 2025 3:22 AM IST
ചെങ്ങന്നൂർ: കേരളത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അനിയന്ത്രിതമായ വ്യാപനം നാടിന് ദുരന്തമായി മാറിയിരിക്കുകയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
മദ്യശാലകളുടെ എണ്ണം കുറയ്ക്കുകയും മയക്കുമരുന്ന് വിപണനം പൂർണമായി നിരോധിക്കുകയും ചെയ്യേണ്ട സർക്കാർ, മദ്യ വ്യവസായികൾക്കും മയക്കുമരുന്ന് ലോബികൾക്കും സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഈ നയം തിരുത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യ വിരുദ്ധ ജനകീയ മുന്നണി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് സമിതി ചെയർമാൻ ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. ധർണയ്ക്ക് മുന്നോടിയായി ട്രിനിറ്റി പള്ളിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ.ഡോ.റ്റി.റ്റി. സക്കറിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് കൺവീനർ മധു ചെങ്ങന്നൂർ, ബോധിനി പ്രഭാകരൻ നായർ, ഫാ. രാജൻ വർഗീസ്, ഫാ. ജയിൻ ജോൺ തെങ്ങുവിള, സഹായി മുഹമ്മദ് ബഷീർ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.