പെട്രോൾ പന്പിലെ ടോയ്ലെറ്റ് രാത്രിയിൽ തുറന്നുനൽകാത്തതിന് ഉടമ നഷ്ടപരിഹാരം നൽകാൻ വിധി
1540761
Tuesday, April 8, 2025 3:06 AM IST
റാന്നി: ടോയ് ലെറ്റ് ഉപയോഗിക്കാന് നല്കാത്ത പെട്രോൾ പമ്പുടമയ്ക്കെതിരേ 1.65 ലക്ഷം രൂപ പിഴയിട്ട് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. ഹർജിക്കാരന് 1.5 ലക്ഷംരൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ഉൾപ്പെടെ നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
ഏഴകുളം ഊരകത്ത് ഇല്ലംവീട്ടിൽ അധ്യാപികയായ സി. എൽ. ജയകുമാരി കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരേ കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്. 2024 മേയ് എട്ടിന് ഹർജികക്ഷി കാസർഗോഡു പോയശേഷം ഏഴംകുളത്തുളള തന്റെ വീട്ടിലേക്ക് കാറിൽ വരവേ രാത്രി 11ന് പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചതിനു ശേഷം കാറിൽ നിന്നും ഇറങ്ങി ടോയ്ലറ്റിൽ പോയപ്പോൾ പൂട്ടിക്കിടക്കുന്നതു കണ്ടപ്പോൾ പന്പിലെ ജീവനക്കാരനോട് താക്കോൽ ആവശ്യപ്പെടുകയും ഇയാൾ പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമായതിനാൽ തരാനാകില്ലെന്നു പറയുകയും ചെയ്തു. മാനേജർ സ്ഥലത്തുണ്ടായിരുന്നതുമില്ല.
അധ്യാപിക തന്റെ ആവശ്യം ബോധ്യപ്പെടുത്തിയിട്ടും ടോയ്ലെറ്റ് തുറന്നു നൽകാൻ പന്പ് ജീവനക്കാർ തയാറായില്ലെന്നാണ് പരാതി. പോലീസിൽ വിവരം അറിയിച്ചതിനേ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി ടോയ് ലെറ്റ് ബലമായി തുറന്ന് നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകുകയും എഫ്ഐആറിടുകയും ചെയ്തിരുന്നു.
രാത്രി 11ന് പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചതിനു ശേഷം ടോയ്ലെറ്റ് തുറന്നു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ഹർജികക്ഷിയെ അപമാനിക്കുകയും തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരേയാണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്.
പെട്രോൾ പമ്പ് അനുവദിക്കുമ്പോൾ ടോയ്ലെറ്റ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നിരിക്കേ അതൊന്നും ഇല്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ചു വരുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീക്ക് രാത്രിയിലുണ്ടായ അനുഭവം അവർക്ക് മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ പന്പുടമ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.