കടക്കെണി: ചെറുകിട കരാറുകാർ രംഗം വിടുന്നു
1540764
Tuesday, April 8, 2025 3:09 AM IST
റാന്നി: പൊതുമരാമത്ത് ജോലികളുമായി ബന്ധപ്പെട്ട ചെറുകിട കരാറുകാർ രംഗം വിടുന്നു. സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കരാർ ജോലികൾ ചെയ്തിരുന്നവരിൽ 60 ശതമാനം ആളുകളും കഴിഞ്ഞ രണ്ടുവർഷമായി ഈ രംഗത്തില്ല. അവശേഷിച്ച കരാറുകാരും നിർമാണ മേഖല ഉപേക്ഷിക്കുകയാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെയ്യേണ്ട ഗ്രാമീണ ജോലികൾ പോലും ഏറ്റെടുക്കാനാളില്ലാത്ത സ്ഥിതിയാണ്.
കരാർ ഏറ്റെടുത്തു ചെയ്തു തീർക്കുന്ന ജോലികളുടെ പണം കൃത്യമായി ലഭിക്കാത്തതാണ് കരാറുകാർ ഈ മേഖല ഉപേക്ഷിക്കാൻ പ്രധാന കാരണം. പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകളുടെ ജോലികളും തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുള്ള ജോലികളും ചെയ്തു തീർത്താലും പണം നൽകാത്ത സ്ഥിതിയാണ്.
എംപി, എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള ജോലികളുടെ പണവും കൃത്യമായി നൽകാറില്ല. കരാറുകാരുടെ അഭാവം ഗ്രാമീണ മേഖലയെയാണ് ഏറെ ബാധിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചെറുകിട കരാർ ജോലികൾ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏറ്റെടുത്ത കരാർ ജോലികളും പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ടെന്ന് കരാറുകാർ പറഞ്ഞു. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തീകരിച്ചാലും പണത്തിനുവേണ്ടി ഏറെ കാത്തിരിക്കണം.
മാസങ്ങളായി തുടരുന്ന കുടിശിക പൂർണമായി നൽകാറില്ല. ഗഡുക്കളായാണ് പണം അനുവദിക്കാറുള്ളത്. സാധാരണക്കാരായ കരാറുകാർ ഇതുമൂലം ഏറെ പ്രതിസന്ധിയിലാകും. സർക്കാർ കുടിശിക അനുവദിക്കുന്പോൾ ട്രഷറി നിയന്ത്രണവും മറ്റും കാരണം പണം കൈയിലെത്താൻ വീണ്ടും കാത്തിരിപ്പ് തുടരേണ്ടിവരും. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ കരാറെടുത്ത ജോലികളും തടസപ്പെട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട തുക കരാറുകാർക്ക് നൽകാനുണ്ട്.
ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് ജലഅഥോറിറ്റിയുടെ ജോലികൾ ഏറ്റെടുത്ത കരാറുകാരും സാന്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്തും മറ്റുമാണ് കരാറുകാർ ജോലി നടത്തുന്നത്. എന്നാൽ ജൽജീവൻ മിഷന്റെ ആദ്യ ഗഡു മാത്രമേ കരാറുകാർക്ക് ലഭിച്ചിട്ടുള്ളൂ. ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളുടെ അടിസ്ഥാനത്തിലാണ് കരാർ ജോലികൾ നടന്നുവന്നത്.
സംസ്ഥാനാടിസ്ഥാനത്തിൽ 8000 കോടി രൂപയുടെ കുടിശിക ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുണ്ട്. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലരും ജപ്തി ഭീഷണി അടക്കം നേരിടുകയാണ്. നല്ല നിലയിൽ കരാർ ജോലികൾ നടത്തിവന്നവരുൾപ്പെടെ ഇതോടെ പുതിയ കരാറുകൾ എടുക്കുന്നില്ല. നിലവിലെ നിരക്കിൽ ജോലികൾ ഏറ്റെടുത്തു ചെയ്യാനുമാകില്ലെന്ന് കരാറുകാർ പറയുന്നു.
ജനപ്രതിനിധികളുടെ നിലപാടിനോട് യോജിപ്പില്ലെന്ന് കരാറുകാർ
പണം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന കരാറുകാരെ ജനപ്രതിനിധികൾ കുറ്റപ്പെടുത്തുകയാണെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. പല ജോലികളും കരാറെടുക്കുമെങ്കിലും കടക്കെണിയിലായ തങ്ങൾക്ക് മുന്പോട്ടു പോകാനാകാത്ത സ്ഥിതിയുണ്ടാകും.
നിലവിലെ നിരക്ക് പുതുക്കി നൽകാമെന്ന ഉറപ്പിൻമേൽ ഏറ്റെടുപ്പിച്ച ജോലികളും തുടങ്ങാനാകുന്നില്ല. നിരക്ക് പുതുക്കി നൽകാൻ ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദം ചെലുത്തുന്നില്ല. കരാറുകാർക്കുള്ള കോടിക്കണക്കിനു രൂപയുടെ കുടിശിക വാങ്ങിത്തരാനും നടപടി ഉണ്ടാകുന്നില്ല. ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കരാറുകാരെ മാത്രം കുറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലെന്നും ഫെഡറേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വെൺകുറിഞ്ഞി - മാറിടംകവല - മടത്തുംപടി റോഡിന് റീ ടെൻഡർ
റാന്നി: കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമാണം മുടങ്ങിയ വെൺകുറിഞ്ഞി-മാറിടംകവല-മടത്തുംപടി റോഡ് വീണ്ടും ടെൻഡർ ചെയ്യാമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച ഈ റോഡിന്റെ നിലവിലെ അവസ്ഥയ്ക്കു കാരണം കരാറുകാരന്റെ അനാസ്ഥ മാത്രമായിരുന്നെന്ന് എംപി പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 4.3 കോടി രൂപ അനുവദിച്ചാണ് റോഡ് നിർമാണം 2022ൽ ആരംഭിച്ചത്. പദ്ധതി ഏറ്റെടുത്ത കരാറുകാരൻ ഈ പ്രവൃത്തിയുടെ 30 ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് ചെയ്തത്.
ജില്ലാതലത്തിൽ പിഎംജിഎസ്വൈ ഉദ്യോഗസ്ഥരെയും മറ്റും വിളിച്ചുചേർത്ത ജില്ലാ കളക്ടർ ഉൾപ്പെട്ട പിഎംസി യോഗത്തിൽ നിർദേശം നൽകിയിട്ടും പ്രവൃത്തി ആരംഭിക്കാൻ കരാറുകാരൻ കൂട്ടാക്കിയില്ല. തുടർന്ന് എംപിയുടെ നിർദേശ പ്രകാരം കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി ടെൻഡർ ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി റോഡ് നിർമാണം നടപ്പിലാക്കുന്ന കാര്യത്തിൽ വളരെ നല്ല സമീപനമാണ് സ്വീകരിച്ചിരുന്നത്.കരാറുകാരന്റെ അനാസ്ഥ മൂലം നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതിനാൽ നിർമാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു.
പൂവൻമല - പനപ്ലാക്കൽ റോഡ് നിർമാണം: കരാറുകാരനെ ഒഴിവാക്കി എസ്റ്റിമേറ്റ് പുതുക്കും
റാന്നി: അങ്ങാടി പഞ്ചായത്തിലെ പൂവന്മല - പനംപ്ലാക്കൽ റോഡ് കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കി നിർമാണം ടെൻഡർ ചെയ്യണമെന്ന് പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടു.
2018ലെ പ്രളയത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയായ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തകർന്നു കിടന്ന പൂവൻമല- പനംപ്ലാക്കൽ റോഡ് പുനരുദ്ധരിക്കുന്നതിനായി 82 ലക്ഷം രൂപ അനുവദിച്ചത്. അഞ്ചു വർഷത്തെ ഗാരണ്ടിയോടെ നിർമിക്കുന്ന റോഡ് നാലു തവണ ടെൻഡർ ചെയ്തെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയാറായില്ല. അഞ്ചാമത്തെ തവണ കരാറെടുത്തയാൾ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായതോടെ നിർമാണം മുടങ്ങി. കഴിഞ്ഞ മാർച്ചിൽ റോഡിന്റെ കരാർ കാലാവധിയും അവസാനിച്ചു.
റോഡ് നിർമാണം അനിശ്ചിതമായി നീണ്ടതോടെ പ്രദേശവാദികൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പൂർണമായും തകർന്ന റോഡിലൂടെ കാൽനട പോലും ദുഃസഹമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് എത്രയും വേഗം ഒഴിവാക്കുന്നതിനായാണ് കരാറുകാരനെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കി നിർമാണം റീ ടെൻഡർ ചെയ്യാൻ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടത്.