മുക്കുപണ്ടം പണയം വച്ചുതട്ടിപ്പ്: യുവാക്കള്‍ അറസ്റ്റില്‍
1539736
Saturday, April 5, 2025 3:43 AM IST
അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് വായ്പയെടുത്ത കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം പോരുവഴി ചന്ദ്രകാവ് ആദിത്യ ഭവനം മനോജ് (38), നെടുവത്തൂര്‍ നീലേശ്വരം കുറുമ്പനൂര്‍ സരസ്വതി ഭവനത്തില്‍ സജയകുമാര്‍(33), തിങ്കല്‍കരികം ചന്ദനക്കാവ് നിഷാദ് മന്‍സില്‍ വീട്ടില്‍ നിഷാദ് (37) എന്നിവരാണ് അറസ്റ്റിലായത്.
ഏനാത്ത് കടമ്പനാട് മാനാമ്പുഴ ഏഴാംമൈല്‍ ഉടയാന്മുറ്റം ഫിനാന്‍സിലാണ് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയത്. 15 ഗ്രാം തൂക്കം വരുന്ന സ്വര്‍ണനിറത്തിലുള്ള വളയാണ് പണയം വച്ച് 95,000 രൂപ ഒന്നാം പ്രതിയായ മനോജ് വായ്പയെടുത്തത്. തുടര്‍ന്ന് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സുഹൃത്ത് സജയകുമാറാണ് വ്യാജ സ്വര്‍ണം പണയം വയ്ക്കാന്‍ ഏല്‍പ്പിച്ചതെന്നും, ഇയാള്‍ക്കൊപ്പം നിഷാദും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അവരെ രണ്ടും മൂന്നും പ്രതികളായി കേസില്‍ ഉള്‍പ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.