നഗരമധ്യത്തിലെ ചെളിക്കുളങ്ങൾ ... പത്തനംതിട്ടയിൽ സ്റ്റാൻഡ് സ്മാർട്ടായി, അകത്തേക്കു കയറാൻ വള്ളം വേണം
1539741
Saturday, April 5, 2025 3:52 AM IST
പത്തനംതിട്ട: വർഷങ്ങൾ കുളമായിക്കിടന്ന പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് പുനർനിർമാണം നടത്തി യോഗ്യമാക്കിയപ്പോഴേക്കും സ്റ്റാൻഡിനു പുറത്തെ റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നു. വേനൽമഴ ആരംഭിച്ചതോടെ സ്റ്റാൻഡിലേക്ക് കയറാനാകാത്ത സ്ഥിതിയായി.
സ്റ്റാൻഡിനു പുറത്ത് അബാൻ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. മേൽപ്പാലത്തിന്റെ തൂണുകളോടു ചേർന്ന ഭാഗങ്ങൾ തകർന്നു കിടക്കുകയാണ്. മഴ പെയ്തതോടെ ഈ ഭാഗത്ത് മഴവെള്ളവും കെട്ടിക്കിടക്കുന്നു. ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടെ മുട്ടോളം വെള്ളം റോഡിലുണ്ടായിരുന്നു. അബാൻ ജംഗ്ഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഭാഗങ്ങളിൽ നിന്നും മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കു വരുന്ന യാത്രക്കാർക്ക് ഇതിലൂടെ ഇറങ്ങി യാത്ര ബുദ്ധിമുട്ടായി.
ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിലൂടെയുള്ള യാത്രയിൽ നന്നേ ബുദ്ധിമുട്ടി. അബാൻ മേൽപ്പാലം നിർമാണം ആരംഭിച്ചിട്ടും നാളുകളായി. ഇനി എത്രകാലം ഇത് മുന്പോട്ടു പോകുമെന്നതിലും നിശ്ചയമില്ല.
മേൽപ്പാലത്തിന്റെ പണികൾ കാരണം റോഡിൽ കുഴി നികത്തലോ അറ്റകുറ്റപ്പണികളോ നടക്കുന്നില്ല. ഇതോടെ റോഡിന്റെ തകർച്ച പൂർണമായി. ബസുകളുടെ യാത്രയും ഈ കുഴികൾ താണ്ടിയാണ്. മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനെങ്കിലും നടപടി വേണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
അനിശ്ചിതമായി നീളുന്ന മേൽപ്പാലം നിർമാണം വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. അബാൻ ജംഗ്ഷൻ മുതൽ മേലെവെട്ടിപ്രം വരെയുള്ള റിംഗ് റോഡ് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ബസ് സ്റ്റേഷൻ മുതൽ മേലെവെട്ടിപ്രം റോഡുവരെയുള്ള ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
യാത്ര തന്നെ ബുദ്ധിമുട്ടായതോടെ ഈഭാഗത്തേക്ക് ആളുകൾ വരാതായി. ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടിലാണ്. വേനലിലെ രൂക്ഷമായ പൊടിശല്യവും മഴക്കാലത്തെ വെള്ളക്കെട്ടുമാണ് പ്രധാന പ്രശ്നം. നിർമാണം നടക്കുന്ന ഭാഗമായതിനാൽ യാത്രക്കാരും കടകളിലേക്ക് കയറാൻ മടിക്കുകയാണ്. വാഹനപാർക്കിംഗിനും മറ്റുമുള്ള ബുദ്ധിമുട്ടുകളും ഏറെയാണ്.