ഡി ഹണ്ട് ഓപ്പറേഷൻ: നാല്പത് ദിവസങ്ങൾക്കുള്ളിൽ 263 പേർ അറസ്റ്റിൽ
1539421
Friday, April 4, 2025 3:50 AM IST
പത്തനംതിട്ട: ലഹരിക്കെതിരേ കഴിഞ്ഞ ഫെബ്രുവരി 22 മുതൽ മാർച്ച് 31 വരെ ഡി ഹണ്ട് എന്ന പേരിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനകൾക്കിടെ 258 കേസുകളിലായി 263 പേർ അറസ്റ്റിൽ. ഇവരിൽ നിന്നായി 6.571 ഗ്രാം എംഡിഎംഎ യും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി. റെയ്ഡുകൾ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും, ലഹരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ പറഞ്ഞു.
ഈവർഷം ഇതേവരെ 0.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ 17 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ആറു ഗ്രാം ഹാഷിഷ് ഓയിലും 3.67 ഗ്രാം എംഡിഎംഎയും1.01 ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുമാസത്തിനിടെ പിടികൂടാനായത് മുൻവർഷങ്ങളിലെ ഇക്കാലയളവിൽ പിടികൂടിയതിനേക്കാൾ കൂടുതൽ അളവിലുള്ള ലഹരിവസ്തുക്കളാണ്.
2024ൽ മൊത്തം 48 കിലോയിലധികം കഞ്ചാവും 11 ഗ്രാം ബ്രൗൺ ഷുഗറും 11. 950 ഗ്രാം എംഡിഎംഎയുമാണ് വിവിധ കേസുകളിൽ പിടികൂടിയത്.
2023ലാകട്ടെ 116 കിലോയോളം കഞ്ചാവും 1.045 കിലോ ഹാഷിഷ് ഓയിലും 0.965 കിലോ ചരസും, 3.60 ഗ്രാം ഹെറോയിനും 513.640 ഗ്രാം എംഡിഎംഎ യുമാണ് പിടികൂടിയത്. 2022ൽ 35.5 കിലോയോളം കഞ്ചാവ്, 36 ഗ്രാം ഹാഷിഷ് ഓയിൽ, ഒരു കഞ്ചാവ് ചെടി, 169.596 ഗ്രാം എംഡിഎംഎ എന്നിങ്ങനെയും പിടിച്ചെടുത്തു. കുറഞ്ഞ അളവിലുള്ള ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവർക്ക് സ്റ്റേഷൻ ജാമ്യം തന്നെ ലഭിക്കുന്നുവെന്നതിനാൽ ഏറെപ്പേരും ഇതു മനസിലാക്കിയാണ് സാധനങ്ങൾ സൂക്ഷിക്കാറുള്ളതെന്ന് പോലീസ് പറയുന്നു.
കഞ്ചാവ്, എംഡിഎംഎ ലഹരി ഉത്പന്നങ്ങളുടെ അളവിന്റെയും തൂക്കത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നത് ചെറുത്, ഇടത്തരം, വ്യാവസായികം എന്നിങ്ങനെയാണ് തരംതിരിവ്. കഞ്ചാവ് ഒരു കിലോയിൽ താഴെയും എംഡിഎംഎ .5 ഗ്രാമിനു താഴെയും ചെറിയ അളവായി കണക്കാക്കുന്നു.
ലഹരി കടത്തുകാർ ഏറെയും അപകടകാരികൾ, പോലീസിനു കനത്ത വെല്ലുവിളി
ലഹരി കടത്തുകാരിൽ ഏറെയും അപകടകാരികളാണെന്നതും ഇവരെ നേരിടുന്നതിൽ സേനയ്ക്ക് അംഗബലം ഇല്ലെന്നതും സമീപകാലത്തെ പ്രധാന വെല്ലുവിളിയായി മാറി.
അപകടകാരികളായ കുറ്റവാളികളെ നേരിടുമ്പോൾ പ്രത്യേകിച്ചും. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെയും, ലഹരിയുടെ വില്പനക്കാരെയുമൊക്കെ കൈകാര്യം ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ പോലീസ് കൂടുതൽ ജാഗ്രത കാട്ടേണ്ടിവരും.
ഡാൻസാഫ് സംഘം രൂപീകരിച്ചതോടെ ലഹരിവേട്ടയ്ക്ക് പോലീസിനു പ്രത്യേക സംവിധാനമായെങ്കിലും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതു പോലീസ് സ്റ്റേഷനുകളിൽ തന്നെയാണ്.
ആത്മധൈര്യം കൈമുതലാക്കി ഏതുസമയത്തും നിതാന്തജാഗ്രതയോടെ കർത്തവ്യനിരതരാവുന്ന പോലീസ് സംഘത്തെയാണ് ഡാൻസാഫായി നിയോഗിച്ചിരിക്കുന്നത്. ഒരു എസ്ഐയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിന്റെ മേൽനോട്ടം ജില്ലാ പോലീസ് മേധാവിക്കു തന്നെയാണ്. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് സംഘത്തിന്റെ ചുമതലക്കാരൻ.
ലഹരിയുത്പന്നങ്ങളുടെ കൃഷി, കച്ചവടം, കടത്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, സ്വന്തം നിലയ്ക്കും ഇതര വകുപ്പുകളുമായി ചേർന്നും പ്രത്യേകപരിശോധനകൾ നടത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.
ലഹരിവില്പനക്കാരായ ക്രിമിനലുകൾ കഞ്ചാവിൽ നിന്നും രാസലഹരിയുടെ വലിയ ലാഭത്തിൽ ആകൃഷ്ടരായി എംഡിഎംഎയിലേക്കും മറ്റും മാറിയപ്പോൾ, ഇവ കണ്ടെത്തുന്നതിൽ വൻ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്.