കോഴഞ്ചേരിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
1539734
Saturday, April 5, 2025 3:43 AM IST
കോഴഞ്ചേരി : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11ന് പ്രസിഡന്റിനെയും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.
എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി സിപിഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റി
അംഗവും തെക്കേമല സൗത്ത് (വാര്‍ഡ് 10) പ്രതിനിധീകരിക്കുന്ന സോണി കൊച്ചുതുണ്ടിയില്‍ മത്സരിക്കും.
വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി എട്ടാം വാര്‍ഡ് മെംബറും എന്‍സിപി അംഗവുമായ മേരിക്കുട്ടിയും മത്സരിക്കും. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി കേരള കോൺഗ്രസിലെ സാലി ഫിലിപ്പാണ്. വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
13 അംഗങ്ങളില്‍ സിപിഎം രണ്ട്, സിപിഐ ഒന്ന്, ജനതാദള്‍ ഒന്ന് എന്നിങ്ങനെ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളും യുഡിഎഫിന് കോണ്‍ഗ്രസ് മൂന്ന്, കേരള കോണ്‍ഗ്രസ് ജോസഫ് രണ്ട് ഉള്‍പ്പെടെ അഞ്ചുപേരുമാണുള്ളത്. കോണ്‍ഗ്രസ് വിമതന് ഒന്ന്, ബിജെപി രണ്ട് എന്നിങ്ങനെയാണ് മറ്റംഗങ്ങൾ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ റോയി ഫിലിപ്പും സാലി ഫിലിപ്പും എല്‍ഡിഎഫ് ചേരിയിലെത്തിയതിനേ തുടര്‍ന്ന് റോയി ഫിലിപ്പ് പ്രസിഡന്റായും സിപിഐയിലെ മിനി സുരേഷ് വൈസ് പ്രസിഡന്റായും തുടരുകയായിരുന്നു.
എന്നാല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫിലെ സാലി ഫിലിപ്പ് ഒപ്പുവച്ചതിനേ തുടര്‍ന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു തലേന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചിരുന്നു.
എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റായെങ്കിലും കേരള കോൺഗ്രസ് അംഗമെന്ന നിലയിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ റോയി ഫിലിപ്പിന് പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വിമതൻ ടി.ടി. വാസു സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.