വേനൽമഴ കരുത്താർജിച്ചു, 70 ശതമാനം അധിക മഴ
1539729
Saturday, April 5, 2025 3:43 AM IST
പത്തനംതിട്ട: വേനൽമഴ ഇത്തവണ കരുത്താർജ്ജിച്ചത് ചൂടിന് ആശ്വാസമായി. മാർച്ച് ആദ്യവാരം തന്നെ മഴ എത്തിയതു കാരണം പലയിടങ്ങളിലും കുടിവെള്ളക്ഷാമത്തിനും ആശ്വാസമായി. ആദ്യഘട്ടത്തിൽ ലഭിച്ച മഴയേക്കാൾ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയ്ക്കു ശക്തി കൂടിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകുന്നുണ്ട്.
മാർച്ച് ഒന്നു മുതൽ ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ ജില്ലയിൽ 70 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. 87.2 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 148.7 മില്ലിമീറ്റർ മഴ പെയ്തു. സംസ്ഥാനത്ത് കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും അധികമഴയാണ് ലഭിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയാണ് ഇത്തവണ വേനൽമഴയിൽ മുന്നിട്ടു നിന്നത്. കേരളത്തിലാകമാനം ഇക്കാലയളവിൽ 103 ശതമാനം അധികമഴയാണ് ലഭിച്ചത്. 42.9 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 86.9 മില്ലിമീറ്റർ മഴ പെയ്തു. നിലവിലെ സാഹചര്യത്തിൽ മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിൽ ഏപ്രിലിലായിരുന്നു വേനൽ മഴ കരുത്താർജ്ജിച്ചിരുന്നത്.
ഇത്തവണ മാർച്ച് മുതൽക്കേ മഴ ലഭിച്ചു തുടങ്ങിയതോടെ കാർഷിക മേഖലയ്ക്കാണ് ഇത് ഏറ്റവും ഗുണകരമായത്. എന്നാൽ മഴ ശക്തമായതിനേ തുടർന്ന് കാർഷിക മേഖലയിൽ നാശനഷ്ടങ്ങളുമുണ്ടായി. മഴ തുടരുന്പോഴും ഉച്ചവെയിലിന്റെ കാഠിന്യം കുറയാത്തതു കാരണം ജലനിരപ്പ് ഉയർന്നിട്ടില്ല. നദികളിലും നീരുറവകളിലും ഇപ്പോഴും ഒഴുക്ക് ശക്തമല്ല. ഇതു കാരണം കിഴക്കൻ മലയോര മേഖലകളിലെ ജലസ്രോതസുകൾ സജീവമായിട്ടില്ല. മഴവെള്ളം ലഭിക്കുന്നതാണ് ഈ മേഖലയ്ക്ക് നേരിയ ആശ്വാസമാകുന്നത്. എന്നാൽ മഴ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് താഴാതെ നിൽക്കുന്നുണ്ടെന്നും തീരവാസികൾ പറയുന്നു.
ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ പെരുന്തേനരുവി 67 മില്ലിമീറ്റർ, അയിരൂർ 30, വടശേരിക്കര 23, മൂഴിയാർ 21.4 , പന്പ 38, കക്കി 24 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു പ്രദേശങ്ങളിൽ മഴ ദുർബലമായിരുന്നു. എന്നാൽ ഇന്നലെ ഉച്ചകഴിഞ്ഞ് റാന്നി, കോഴഞ്ചേരി, കോന്നി താലൂക്ക് പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു.